ന്യൂഡൽഹി: കൊവിഡ് നിയന്ത്രണത്തിലെ കേരള മോഡൽ തകർന്നെന്ന് ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യ. രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 65 ശതമാനവും കേരളത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ പുറത്ത് വന്ന രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകൾ പങ്കുവെച്ചുകൊണ്ടാണ് അമിത് മാളവ്യയുടെ വിമർശനം.

കേരളത്തിൽ കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ല. മുൻഗണന നൽകേണ്ട കാര്യങ്ങളിൽ വീഴ്ചയും, പ്രോട്ടോക്കോളുകൾ നടപ്പാക്കുന്നതിൽ അലംഭാവവുമുണ്ടായതായും അമിത് മാളവ്യ കുറ്റപ്പെടുത്തി. ബുധനാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 37,593 പുതിയ കൊവിഡ് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇതിൽ24,296 കേസുകളും കേരളത്തിലായിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളിലും ടിപിആർ നിരക്കിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 31,445 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയും ഉയർന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,271 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇതോടെ 1,70,292 പേരാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,92,628 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here