ന്യൂ ഡൽഹി : വാഹന രജിസ്‌ട്രേഷനിൽ വിപ്ലവകരമായ പരിഷ്‌കാരങ്ങളുമായി കേന്ദ്രസർക്കാർ. സംസ്ഥാനന്തര വാഹന രജിസ്‌ട്രേഷൻ ഒഴിവാക്കാൻ രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടു വരാൻ കേന്ദ്ര  ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഇതുവഴി രജിസ്ട്രർ ചെയ്ത സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്ത് കൊണ്ടു പോയി വാഹനം ഉപയോഗിക്കുമ്പോൾ ഉള്ള റീ രജിസ്‌ട്രേഷൻ ഒഴിവാക്കാം.  ഭാരത് സീരീസ് എന്നാണ് ഈ ഒറ്റ രജിസ്‌ട്രേഷൻ സംവിധാനത്തിന്റെ പേര്. രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന് പുറത്ത് വാഹനം 12 മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാക്കാം.

ഭാരത് സീരിസിൽ വാഹന രജിസ്‌ട്രേഷൻ നമ്പറിന് വ്യത്യാസമുണ്ടാക്കും. വാഹനം വാങ്ങിയ വർഷത്തിലെ അവസാന രണ്ടക്കങ്ങൾ, ബി.എച്ച്   എന്നീ അക്ഷരങ്ങൾ, നാല് അക്കങ്ങൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങൾ എന്നിവയടങ്ങിയതാവും രജിസ്‌ട്രേഷൻ നമ്പർ. നിലവിൽ സംസ്ഥാനങ്ങളുടെ ചുരുക്കപ്പേര് ഉപയോഗിച്ചാണ് വാഹന രജിസ്‌ട്രേഷൻ നടത്തുന്നത്. വാഹനത്തിൻ് നികുതി അടയ്ക്കുന്നത് നിലവിലെ 15 വർഷം എന്നതിന് പകരം ഭാരത് രജിസ്‌ട്രേഷനിൽ രണ്ട് വർഷമാക്കിയേക്കും.  

പ്രതിരോധ ഉദ്യോഗസ്ഥർ, സംസ്ഥാന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ, പൊതുമേഖല സ്ഥാപനങ്ങൾ, നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും ഭാരത് രജിസ്‌ട്രേഷനിൽ മുൻഗണന ലഭിക്കും. നിലവിലുള്ള വാഹനങ്ങൾക്ക് ഭാരത് രജിസ്‌ട്രേഷനിലേക്ക് മാറ്റണമോ എന്നതിനെക്കുറിച്ച്  ഉപരിതലഗതാഗതമന്ത്രാലയം വിശദമായ വിജ്ഞാപനം പുറപ്പെടുവിക്കും.

നിലവിൽ ഒരു വാഹനം രജിസ്ട്രർ ചെയ്ത സംസ്ഥാനത്തിന് പുറത്ത് ഉപയോഗിക്കാൻ നിയന്ത്രണങ്ങളുണ്ട്. രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന് പുറത്ത് 12 മാസത്തിൽ കൂടുതൽ വാഹനം ഉപയോഗിക്കണമെങ്കിൽ വാഹനം റീ രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം. ഏതു സംസ്ഥാനത്താണോ വാഹനം രജിസ്ട്രർ ചെയ്തത് അവിടെ നിന്നുള്ള എൻ.ഒ.സി സർട്ടിഫിക്കറ്റും ആവശ്യമാണ്. ആദ്യവാഹനം രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് നിന്നും നികുതി റീഫണ്ട് ചെയ്യുകയും പുതിയ സ്ഥലത്ത് തിരിച്ചടയ്ക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here