മലപ്പുറം: ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി മുസ്ലിം ലീഗ്. പരസ്യമായ വിഴുപ്പലക്കൽ ദോഷം ചെയ്യുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തിനെതിരെ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ലീഗും പ്രതികരണം രേഖപ്പെടുത്തിയത്. കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നത്തിൽ ഘടകക്ഷി നേതാക്കളുടെ പ്രതികരണം അറിയാം.

കോൺഗ്രസിലെ പരസ്യമായ വിഴുപ്പലക്കൽ മുന്നണിക്ക് ദോഷം ചെയ്യുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞതായി മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. വലിയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമെന്നും എന്നാൽ അത് അഭിപ്രായ ഭിന്നതയ്ക്ക് പാതയൊരുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യപ്രതികരണം തുടരുന്നതിനിടെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം.

കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിച്ച ലീഗ് നേതാവ് എം കെ മുനീർ കോൺഗ്രസിന് ആഭ്യന്തരകലഹങ്ങൾ പരിഹരിക്കാനുള്ള ആന്തരിക ശക്തിയുണ്ടെന്നാണ് പറഞ്ഞത്. അതേസമയം ആർഎസ്പി ഉൾപ്പെടെയുള്ള കക്ഷികളുടെ നിലപാട് കോൺഗ്രസ് ചെവിക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന നേതാക്കളുടെ അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് പ്രതികരിച്ച മുനീർ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിർത്തി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

യുഡിഎഫ് യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചെന്ന ആർഎസ്പിയുടെ പ്രഖ്യാപനം കഴിഞ്ഞദിവസമായിരുന്നു പുറത്തുവന്നത്. തെരഞ്ഞെടുപ്പ് തോൽവിയിൽ ചർച്ചയില്ലാത്തതാണ് പാർട്ടിയുടെ പ്രതിഷേധത്തിന് കാരണം. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ യുഡിഎഫ് ഉഭയകക്ഷി ചർച്ച ആവശ്യപ്പെട്ട് ആർഎസ്പി കത്ത് നൽകി 40 ദിവസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പാർട്ടി ഈ തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ ഇതിന് പിന്നാലെ തന്നെ തിങ്കളാഴ്ചത്തെ യുഡിഎഫ് യോഗത്തിനു മുൻപു തന്നെ ഉഭയകക്ഷി ചർച്ച നടത്തുമെന്ന് യുഡിഎഫ് കൺവീനർ പ്രതികരിച്ചിരുന്നു.

ആർഎസ്പി യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസിനെതിരെ പരസ്യവിമർശനവുമായി ഷിബു ബേബി ജോൺ ഇന്നും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് മുങ്ങുകയല്ലെന്നും കോൺഗ്രസ് നേതാക്കൾ പാർട്ടിയെ മുക്കുകയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. രാജ്യത്ത് കോൺഗ്രസിൻറെ ആവശ്യം മനസ്സിലാക്കി തങ്ങൾ ഒപ്പം നിന്നതാണെന്നും എന്നാൽ കോൺഗ്രസ് നേതാക്കൾ ഇക്കാര്യം മനസ്സിലാക്കുന്നില്ലെന്നും ആർഎസ്പി നേതാവ് പറഞ്ഞു. അതേസമയം കോൺഗ്രസിനു ഇനി രക്ഷയില്ലെന്നു താൻ കരുതുന്നില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞിരുന്നു.

കോൺഗ്രസിനകത്തുള്ള പ്രതിസന്ധികൾ ഘടകകക്ഷികൾക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണെന്നും വിഷയം ചർച്ചചെയ്യുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ കോൺഗ്രസിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് സുധാകരൻറെ പ്രതികരണം. കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണിയേയും ബാധിക്കുമെന്ന് സുധാകരൻ പറഞ്ഞു. ഷിബു ബേബി ജോൺ സദുദ്ദേശത്തോടെയാണ് ആരോപണമുന്നയിച്ചതെന്നാണ് കരുതുന്നത്. അത് അവരുമായി ചർച്ച ചെയ്യുമെന്നും സുധാകരൻ പറഞ്ഞു

 

LEAVE A REPLY

Please enter your comment!
Please enter your name here