കണ്ണൂർ : ഒരു കാരണവശാലും നെൽവയലുകൾ നികത്താൻ അനുവദിക്കില്ലെന്നും നികത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജില്ലാ കലക്ടർ ടി വി സുഭാഷിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ കിഴക്കൻ മേഖലകളിൽ വലിയ തോതിൽ നെൽവയലുകൾ നികത്തുന്നതായി യോഗത്തിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നെൽവയലുകൾ നികത്തുന്നത് തടയാൻ പരിശോധന വ്യാപകമാക്കാനും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
ആറളം, പേരാവൂർ, കണിച്ചാർ മേഖലകളിലെ പട്ടിക വർഗത്തിൽപ്പെട്ട വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പുരോഗതി വിലയിരുത്താൻ ഉടൻ യോഗം ചേരാനും മന്ത്രി നിർദ്ദേശിച്ചു. ഇതിനകം പഠനോപകരണങ്ങൾ ലഭിച്ചവരുടെയും ഇനിയും ലഭിക്കാൻ ബാക്കിയുള്ളവരുടെയും കണക്കുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമർപ്പിക്കണം. മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയാണ് അവലോകന യോഗം ചേരുക.
കഴിഞ്ഞ ഡിഡിസി യോഗത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൈക്കൊണ്ട തീരുമാനങ്ങളും യോഗം വിലയിരുത്തി. വിമാനത്താവളം അനുബന്ധ റോഡുകളുടെ പ്രവൃത്തി വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.
സർക്കസ് കലാകാരന്മാർക്കുളള പെൻഷൻ തുക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കായിക വകുപ്പിനെ അറിയിച്ചു. കിടപ്പിലായ അമ്പതോളം കലാകാരന്മാരുടെ പെൻഷൻ മണിയോർഡർ ആയി വീടുകളിൽ എത്തിച്ചു നൽകുന്നതിനും തീരുമാനമായി. വേങ്ങാട് സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ കൂടുതൽ തൊഴിലാളികളെ നിയമിക്കുന്നതിന് ഫാം സൂപ്രണ്ടിന് നിർദ്ദേശം നൽകി.
ജില്ലാ ആശുപത്രിയിൽ അനുവദിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളാൻ യോഗത്തിൽ തീരുമാനമായി. അംബേദ്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി പട്ടത്തു വയൽ എസ് ടി കോളനിയുടെ പ്രവൃത്തി ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ കടൽ ഭിത്തി നിർമ്മിക്കുന്നതിനാവശ്യമായി വലിയ കല്ലുകൾ ഉടൻ ലഭ്യമാക്കുന്നതിനാനവശ്യമായ നടപടി സ്വീകരിക്കാനും യോഗത്തിൽ ആവശ്യമുയർന്നു. പട്ടുവത്തെ മണ്ണിടിച്ചിൽ രൂക്ഷമായ പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിക്കാൻ തളിപ്പറമ്പ് താലൂക്ക് തഹസിൽദാർക്ക് നിർദ്ദേശം നൽകി. അപകടരമായ സാഹചര്യത്തിൽ കഴിയുന്ന ആറ് കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കാനും നിർദ്ദേശിച്ചു.

യോഗത്തിൽ ഡോ. വി ശിവദാസൻ എം പി, എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, കെ വി സുമേഷ്, അഡ്വ. സജീവ് ജോസഫ്, ടി ഐ മധുസൂദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, എം പിമാരുടെ പ്രതിനിധികൾ, എ ഡി എം കെ കെ ദിവാകരൻ, ഡിപിഒ കെ പ്രകാശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here