തിരുവനന്തപുരം: കൊവിഡ് കേസുകളും ടിപിആറും കുതിച്ചുയരുമ്പോഴും ഇനിയും കേരളം പൂർണ്ണമായി അടച്ചിടില്ല. സംസ്ഥാനത്ത് ഇനി പൂർണ്ണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തിൽ വാർഡുതല സമിതികൾ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചു.
 
വാർഡുതല സമിതികൾ, അയൽപ്പക്ക നിരീക്ഷണം, സിഎഫ്എൽടിസികൾ, ഡൊമിസിലറി കേന്ദ്രങ്ങൾ, ആർആർടികൾ എല്ലാം വീണ്ടും ശക്തിപ്പെടുത്തും. ക്വാറൻറീൻ ലംഘകരെ കണ്ടെത്തിയാൽ കനത്ത പിഴ, ലംഘകരുടെ ചെലവിൽ പ്രത്യേക ക്വാറൻറീൻ, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതൽ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യം.
 
ഇതിനിടയിലാണ് സംസ്ഥാനം ഇന്ന് 18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷൻ 75 ശതമാനം പിന്നിട്ടത്.  ഈ മാസത്തിനകം ഇത് 100 ശതമാനമാക്കാനുള്ള യജ്ഞത്തിനിടയിൽ വാക്‌സീൻ ക്ഷാമം വീണ്ടുമെത്തി. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവിഷീൽഡ് തീർന്നു. 1.4 ലക്ഷത്തോളം കോവാക്‌സിൻ ഉണ്ടെങ്കിലും കോവാക്‌സിൻ സ്വീകരിക്കാൻ ജനങ്ങൾക്കിടയിലെ വിമുഖത തടസ്സമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here