സ്വന്തം ലേഖകൻ

മാഹി : മയ്യഴി വിമോചനസമരസേനാനിയും ആദ്യകാല പത്രപ്രവർത്തകനുമായ മംഗലാട്ട് രാഘവൻ (100 ) അന്തരിച്ചു.
തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചസ്വാതന്ത്ര്യ സമരത്തിൽ ജീവിച്ചിരുന്ന അവസാന കണ്ണിയാണ്  വിടവാങ്ങിയത്. 1842 മുതൽ മാതൃഭൂമിയുടെ ലേഖകനായിരുന്നു മംഗലാട്ട്. 1965 ൽ മാതൃഭൂമി പത്രാധിപ സമിതി അംഗമായി. ചീഫ് സബ് എഡിറ്ററായിരിക്കെയാണ് അദ്ദേഹം വിരമിച്ചത്. കണ്ണൂർ ബ്യൂറോ ചീഫായും പ്രവർത്തിച്ചു. നിരവധി ഫ്രഞ്ച് കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. വിക്ടർ ഹ്യൂഗോയുടെയും മറ്റും കൃതികൾ മലയാളത്തിലേക്ക് നേരിട്ട് വിവർത്തനം ചെയ്ത മംഗലാട്ട് മലയാള സാഹിത്യത്തിനും വലിയ സംഭാവനകളാണ് നൽകിയത്.
1994 ൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.

ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ആകൃഷ്ടനായാണ് മംഗലാട്ട് രാഘവൻ പൊതുപ്രവർത്തനരംഗത്ത് സജീവമാവുന്നത്.  പിന്നീട് സോഷ്യലിസ്റ്റ് നേതാവായിരുന്ന ജയപ്രകാശ് നാരായണന്റെ അടുത്ത അനുയായി ആയിമാറി.

ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും മയ്യഴി അപ്പോഴും ഫ്രഞ്ച് അധീന പ്രദേശമായി തുടരുകയായിരുന്നു. 1948 ഒക്ടോബർ രണ്ടിനായിരുന്നു മയ്യഴിയിൽ ഫ്രഞ്ച് സർക്കാർ ജനഹിത പരിശോധന പ്രഖ്യാപിച്ചത്. മയ്യഴിയുടെ വിമോചനത്തിനായി പോരാടുന്ന മഹാജനസഭാ പ്രവർത്തകർക്ക് ഈ ഹിതപരിശോധനയിൽ തിരിച്ചറിയിൽ കാർഡ് നിഷേധിച്ചു. വിവരമറിഞ്ഞ് പ്രവർത്തകർ മുനിസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തി. മയ്യഴി ഗാന്ധി ഐ കെ കുമാരൻ മാസ്റ്റർക്ക് മർദ്ദനമേറ്റു. ഇതോടെ സംഘർഷമായി, പൊലീസിന്റെ തോക്കിന് മുന്നിൽ പതറാതെ മംഗലാട്ട് രാഘവന്റെ നേതൃത്വത്തിൽ മുന്നേറി, മയ്യഴി ഭരണം താല്കാലികമായി ജനം പിടിച്ചെടുത്തപ്പോൾ ഭരണ സമിതി അംഗമായിരുന്നു മംഗലാട്ട് രാഘവൻ. ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയെ മോചിപ്പിക്കുന്നതിനായി ഐ കെ കുമാരൻ മാസ്റ്റർക്കൊപ്പം പോരാട്ടങ്ങളെ നയിച്ച മയ്യഴി പോരാളിയായിരുന്നു മംഗലാട്ട് രാഘവൻ.
ഒക്ടോബർ വിപ്ലവമെന്ന പേരിൽ അറിയപ്പെട്ട വിമോചന സമരത്തിൽ പങ്കെടുത്തതിന് 20 വർഷത്തെ ശിക്ഷയാണ് ഫ്രഞ്ച് സർക്കാർ മംഗലാട്ടിന് വിധിച്ചത്. 1000 ഫ്രാങ്ക് പിഴയുമുണ്ടായിരുന്നു ശിക്ഷയ്‌ക്കൊപ്പം.
നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി, നിയമലംഘന സമരങ്ങൾക്ക് നേതൃത്വം നൽകിയതിന് നിരവധി ജയിൽ ശിക്ഷകൾ നേരിടേണ്ടിവന്നു.
മംഗലാട്ട് വിടവാങ്ങുമ്പോൾ ഒരു യുഗത്തിന്റെ അന്ത്യം കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here