കൊച്ചി: വാക്‌സിൻ സ്വീകരിക്കാതെ ജീവിക്കാൻ പുറത്തിറങ്ങുന്നവരുടെ മേൽ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് കിറ്റക്‌സ് എം ഡി  സാബു എം ജേക്കബ്. കൊവിഷീൽഡ് വാക്‌സിൻ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള അകലം 84 ദിവസമാക്കിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി ലഭിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിനേഷൻ വേഗത്തിലാക്കാൻ സാധിക്കാത്ത സർക്കാർ തങ്ങളുടെ വീഴ്ച മറയ്ക്കാൻ ജനങ്ങളെ ബലിയാടാക്കുകയാണെന്ന് സാബു പറഞ്ഞു. ഇടവേള കുറഞ്ഞതും ഫലപ്രാപ്തി കൂടിയതുമായ സ്പുട്‌നിക് വാക്‌സിൻ ഉള്ളപ്പോൾ ആ സാധ്യത സർക്കാർ പരിഗണിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ സുലഭമായി ലഭിക്കുമ്പോൾ സർക്കാർ ആശുപത്രികളിൽ വാക്‌സിന് ക്ഷാമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രത്തിൽ നിന്നും വാക്‌സിൻ സൗജന്യമായി ലഭിക്കുന്നതിനു കാത്തു നിൽക്കാതെ സ്വകാര്യ മേഖലയിലെ വാക്‌സിൻ സൗജന്യമായി നൽകണം. തമിഴ്‌നാടിന്റെ മാതൃക ഇതിനായി അവലംബിക്കാമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ ഡോസുകൾ തമ്മിലുള്ള അകലം വർദ്ധിപ്പിച്ചതാണ് രോഗവ്യാപനത്തിന്റെ വേഗത കൂട്ടിയതെന്ന് സാബു ആരോപിച്ചു. സർക്കാരിന്റെ അശാസ്ത്രീയ നിലപാടുകൾ വാക്‌സിനേഷൻ വൈകുന്നതിന് ഇടയാക്കിയെന്നും സാബു പറഞ്ഞു.

അതേസമയം, കൊവിഷീൽഡ് വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ച് ഹൈക്കോടതി ഉത്തരവിട്ടു. താൽപര്യമുള്ളവർക്ക് കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനു ശേഷം സ്വീകരിക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ സർക്കാരിന്റെ വാക്‌സിനേഷൻ പരിപാടിക്ക് ഈ ഉത്തരവ് ബാധകമല്ല.

വാക്‌സിനേഷൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്‌സ് ഗ്രൂപ്പാണ് ഹർജി നൽകിയത്. എന്നാൽ വാക്‌സിൻ ഡോസിന്റെ ഇടവേള കുറയ്ക്കുന്നതിനെ കേന്ദ്രം എതിർത്തു. കേന്ദ്രത്തിന്റെ നിലപാട് തള്ളിയാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. രോഗ വ്യാപനം തടയുന്നതിനായി തങ്ങളുടെ ജീവനക്കാർക്ക് വേഗത്തിൽ വാക്‌സിൻ നൽകാൻ അനുവദിക്കണമെന്നായിരുന്നു കിറ്റക്‌സിന്റെ ആവശ്യം.

2021 ജനുവരിയിൽ വാക്‌സിനേഷൻ ആരംഭിക്കുമ്പോൾ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള അകലം 42 ദിവസമായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇടപെട്ടാണ് ഇത് 84 ദിവസമായി ഉയർത്തിയത്. ഇടവേള വർദ്ധിപ്പിച്ചത് വാക്‌സിന്റെ ശരിയായ ഫലം ലഭിക്കുന്നതിനാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇടവേള വർദ്ധിപ്പിച്ചാൽ ഫലം കൂടുമെന്ന കേന്ദ്രത്തിന്റെ വാദം അംഗീകരിക്കാൻ കോടതി തയ്യാറായില്ല.

അടിയന്തര വിദേശ യാത്ര നടത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് 28 ദിവസത്തെ ഇടവേളയ്ക്കുള്ളിൽ വാക്‌സിൻ നൽകുന്നുണ്ട്. വാക്‌സിന്റെ കാര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് രണ്ടുതരം നീതി ശരിയല്ല. 84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വന്തം പണം മുടക്കി വാക്‌സിൻ വാങ്ങുന്നവർക്കെങ്കിലും 28 ദിവസത്തെ ഇടവേളയ്ക്കുള്ളിൽ വാക്‌സിൻ നൽകാൻ അനുമതി നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വാക്‌സിൻ ഇടവേള കുറച്ച് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സംവിധാനം അടിയന്തരമായി കൊവിൻ ആപ്പിലും വെബ്‌സൈറ്റിലും ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here