തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വരും വർഷങ്ങളിൽ കൂടുതൽ ഗുരുതരമാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര വിഹിതത്തിൽ ഉണ്ടാകുന്ന കുറവ് സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. ലോക്ഡൗൺ പ്രതിസന്ധിയിലെ വരുമാന നഷ്ടങ്ങൾക്കിടയിലാണ് പുതിയ പ്രതിസന്ധി.

വലിയ തകർച്ചയാണ് കഴിഞ്ഞ ഒന്നര വർഷമായി നികുതി വരുമാനത്തിലും നികുതി ഇതര വരുമാനത്തിലും സർക്കാർ നേരിടുന്നത്. ട്രഷറി പൂട്ടാതെ കാക്കുന്നത് കേന്ദ്ര വായ്പയും വിഹിതവുമാണ്. എന്നാൽ അടുത്ത ജൂലൈ മുതൽ ജി എസ് ടി വിഹിതമുണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഹിതം കുറച്ചതും തിരിച്ചടിയായി.

വാറ്റിൽ നിന്നും ജിഎസ്ടിയിലേക്ക് മാറിയപ്പോൾ സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന നികുതിവരുമാനത്തിലെ കുറവ് നികത്താനായിരുന്നു ജിഎസ്ടി വിഹിതം. അടുത്ത സാമ്പത്തിക വർഷം കേരളത്തിന് ഈയിനത്തിൽ മാത്രം 13,000 കോടി നഷ്ടമാകും. റവന്യു കമ്മി ഗ്രാന്റ് ഈ വർഷം കിട്ടിയത് 19000 കോടിയായിരുന്നു. എന്നാൽ അടുത്ത വർഷമാകുമ്പോൾ ഇത് 15000 കോടി മാത്രമാകും. 2023-24സാമ്പത്തിക വർഷം നാലായിരം കോടിയും.

ശമ്പളം, പെൻഷൻ വർധനവിൽ മാത്രം ഒരു വർഷം കേരളത്തിന് അധിക ബാധ്യത 14,000 കോടിയാണ്. വരുമാനത്തിൽ 20000കോടി വായ്പാ തിരിച്ചടവിനും മാറ്റി വയ്ക്കണം. കൊവിഡ് കാലത്തെ വരുമാന നഷ്ടം രൂക്ഷമാകുമ്പോൾ കേന്ദ്ര വിഹിതത്തിലെ കുറവ് കേരളത്തിന്റെ നട്ടെല്ലൊടിക്കുന്ന അവസ്ഥയിലും. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വായ്പാ പരിധി വർധിപ്പിച്ചതാണ് സർക്കാരിന് ആശ്വാസം. കേന്ദ്ര വിഹിതം കുറയുമ്പോൾ ഇപ്പോഴത്തെ അഞ്ച് ശതമാനം എന്ന വായ്പാ പരിധി കുറച്ചാൽ കടമെടുപ്പും കഷ്ടത്തിലാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here