തിരുവനന്തപുരം : കെ ടി ജലീലിനെ തള്ളിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീൽ നല്ലൊരു ഇടത് സഹയാത്രികനായി ഇനിയും തുടരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ചിലർ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി കെ കുഞ്ഞാലിക്കുട്ടി ലീഗ് നേതാവാണ്. ലീഗും, ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയും എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അവരുമായി സി പി എമ്മിനും എൽ ഡി എഫിനുമുള്ള ബന്ധം ഏത് തരത്തിൽ ഉള്ളതാണെന്നും എല്ലാവർക്കും അറിയാം. ഇവിടെ ആ വിഷയമൊന്നും അല്ല അന്ന് നമ്മൾ ചർച്ച ചെയ്തിരുന്നതെന്നും മാധ്യമപ്രവർത്തകൻറെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ഉണ്ടായാൽ അതു പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും സഹകരണ വകുപ്പ് ഉണ്ട്. ഈ പറഞ്ഞ പ്രത്യേക ബാങ്കിൻറെ കാര്യത്തിലും സഹകരണ വകുപ്പ് നടപടി ആരംഭിച്ചതാണ്. കോടതി അത് സ്റ്റേ കൊണ്ടാണ് തുടരാൻ പറ്റാത്തത്. അതിന് ഇ ഡി വരേണ്ട ആവശ്യമില്ല. അങ്ങിനെയൊരു സാഹചര്യം ഒരുക്കേണ്ടതില്ല. ഇതാണ് ഞാൻ പറഞ്ഞ കാര്യം.

അന്വേഷണത്തിനായി ഇ ഡി വരണ മെന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പിന്നീട് കെ ടി ജലീൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഇ ഡി വരിക എന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് കെ ടി ജലീൽ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ ഡിയുടെ മുമ്പിൽ ഉന്നയിച്ചിട്ടില്ല. ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇഡിയുടെ മുമ്പിൽ ഉന്നയിച്ചിരിക്കുന്നതെന്നാണ് ജലീൽ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യവുമായി ബന്ധപ്പെട്ട് അന്ന് താൻ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാഖ്യാന തൽപ്പരരായവർക്ക് അതിനുള്ള അവസരമായിരുന്നെന്നും അദ്ദേഹം പറയുന്നു. ‘ജലീലിനെ സി പി എം തള്ളിയെന്ന തരത്തിലാണ് ചിലർ പ്രചരണം നടത്തിയത്. അദ്ദേഹത്തെ സി പി എം തള്ളിയിട്ടില്ല. അദ്ദേഹം സി പി എമ്മിൻറെയും എൽ ഡി എഫിൻറെയും നല്ല രീതിയിലുള്ള സഹയാത്രികനായി പ്രവർത്തിച്ചിട്ടുണ്ട്. അതിനിയും തുടരുക തന്നെ ചെയ്യും. അക്കാര്യത്തിലൊന്നും ഞങ്ങൾക്ക് ഒരുതരത്തിലുമുള്ള സംശയം പോലും ഇല്ല’ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കവെയായിരുന്നു മുഖ്യമന്ത്രി കേരളത്തിലെ സഹകരണ മേഖല ഇ ഡിയൊന്നും കൈകാര്യം ചെയ്യേണ്ട മേഖലകളല്ലെന്ന് പറഞ്ഞത്. കെ ടി ജലീൽ ഇ ഡി ചോദ്യം ചെയ്ത ആളാണല്ലോ. ആ ചോദ്യം ചെയ്യലോടെ ഇഡിയിൽ കൂടുതൽ വിശ്വാസം അദ്ദേഹത്തിനു വന്നിട്ടുണ്ടെന്നാണ് തോന്നുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here