കൊച്ചി: കോൺഗ്രസ് വിട്ട നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിൻറെ ഇന്നത്തെ അവസ്ഥയെ സ്വയം വിമർശിച്ച് കൊണ്ട് സംസാരിക്കുന്നതിനിടെയാണ് പാർട്ടിവിട്ട നേതാക്കൾക്കെതിരെ സുധാകരൻ വിമർശനം നടത്തിയത്. കോഴിക്കോട് ഡി സി സി അധ്യക്ഷനാക്കണമെന്ന് കെ പി അനിൽകുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് സുധാകരൻ പറഞ്ഞു. കള്ളനാണയങ്ങളാണ് പാർട്ടി വിട്ടതെന്നും സുധാകരൻ പറഞ്ഞു.

സംസ്ഥാനത്ത് കോൺഗ്രസിൻറെ 54 ശതമാനം ബൂത്ത് കമ്മിറ്റികൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു. പാർട്ടിയുടെ ഇന്നത്തെ അവസ്ഥയെ സ്വയം വിമർശിച്ചുകൊണ്ടാണ് സുധാകരന്റെ വാക്കുകൾ. പാർട്ടിയുടെ ദൗർബല്യം പഠിക്കാൻ രണ്ട് സർവേകൾ നടത്തി. ഇനിയൊരു തിരിച്ചടി കൂടി താങ്ങാൻ കോൺഗ്രസിന് കഴിയില്ലെന്നും പാർട്ടിയെ വീണ്ടെടുത്തേ പറ്റുവെന്നും സുധാകരൻ വ്യക്തമാക്കി. തിരിച്ചടികളിലൂടെ പാർട്ടി കടന്ന് പോകവെയാണ് സംസ്ഥാന അധ്യക്ഷൻറെ വാക്കുകൾ.

കേഡർ രീതി എന്തന്നറിയാത്തവരെ അത് പഠിപ്പിക്കുമെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു.. അടി മുതൽ മുടി വരെ മാറ്റം ഉദ്ദേശിക്കുന്നതുകൊണ്ടാണ് പുനസംഘടന വൈകുന്നത്. ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാത്ത ഡി സി സി അധ്യക്ഷൻമാർക്ക് പുറത്ത് പോവേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആറ് മാസത്തിന് ശേഷം ഡി സി സി അധ്യക്ഷൻമാരുടെ പ്രവർത്തനം വിലയിരുത്തുമെന്നും സുധാകരൻ വ്യക്തമാക്കി.

പാർട്ടിയുടെ മുതിർന്ന നേതാക്കളെ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നവർക്കെതിരെ നടപടി വേണ്ടി വരുമെന്ന മുന്നറിയിപ്പും കെ സുധാകരൻ നൽകി. പാർട്ടിയെ അനാവശ്യമായി വിമർശിച്ചാൽ അച്ചടക്കത്തിൻറെ വാള് വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി രണ്ട് സർവേകൾ നടത്തിയെന്നും എറണാകുളത്ത് സർവേ നടന്നു വരികയാണെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here