തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുമതി നൽകി സുപ്രീംകോടതി. സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.

പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിൾ തയ്യാറാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചോദ്യപേപ്പർ നേരത്തെ തന്നെ സ്‌കൂളികളിൽ എത്തിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും അണുനശീകരണം നടത്തും. കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ പരീക്ഷ നടത്തും. കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുക. എല്ലാ സ്‌കൂളുകളും അണുനശീകരണം നടത്തും. മുഖ്യമന്ത്രിയെ കണ്ട് സ്‌കൂൾ തുറക്കുന്നുൾപ്പടെ തീരുമാനിക്കും. പരീക്ഷ നടത്തുന്നതിനെതിരെ ചിലർ പ്രചാരണം നടത്തുന്നുണ്ട്. പരീക്ഷ എഴുതാനാഗ്രഹിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും.  കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. സ്‌കൂൾ തുറക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണം. സ്‌കൂൾ തുറക്കുന്നതിനെ സംബന്ധിച്ച് മികച്ച ആലോചന വേണമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ പരീക്ഷ നടത്തുന്നതിനെതിരെ 48 വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ പരീക്ഷാ നടപടികൾക്ക് തടയിട്ടതും സംസ്ഥാനത്തോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടതും. ഓൺലൈൻ പരീക്ഷ നടത്താനാകില്ലെന്നാണ് സർക്കാർ നിലപാട് എടുത്തത്. കമ്പ്യൂട്ടറും ഇൻറർനെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയത്. മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താനാകില്ല. ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുൻപ് പരീക്ഷ പൂർത്തിയാക്കുമെന്നും  സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മുൻ ഉത്തരവ്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കൊവിഡിനെ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി അന്ന് വിമർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here