കാസർ​ഗോഡ്: കടക്കെണിയിൽ മുങ്ങിതാഴുന്ന കേരളത്തിന് പിടിച്ചുനിൽക്കാൻ സാധിച്ചത് കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉള്ളതിനാലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സമ്പൂർണ്ണ ധനാശ്രയ സംസ്ഥാനമായ കേരളത്തെ മോദി സർക്കാർ സഹായിച്ചതു പോലെ മറ്റാരും സഹായിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിക്ക് ഡൽഹിയിൽ പോയി സമരം ചെയ്യേണ്ട സാഹചര്യം ഇല്ലാത്തത് മോദി ദില്ലി ഭരിക്കുന്നത് കൊണ്ടാണെന്നും പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാ​ഗമായി കാസർ​ഗോഡ് നടന്ന വിവിധ പരിപാടികളിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് കേരളത്തിന്എല്ലാ സഹായവും ചെയ്തത് മോദിയാണ്. അത് വിതരണം ചെയ്യേണ്ട പണി മാത്രമേ സംസ്ഥാന സർക്കാരിനുള്ളൂ. രാജ്യത്തെ എല്ലാ ജനങ്ങൾക്കും മോദി സൗജന്യ വാക്സിൻ നൽകുമ്പോൾ കേരളത്തിൽ വാക്സിനേഷനിൽ മുൻ​ഗണനാക്രമം തെറ്റിച്ച് പാർട്ടി പ്രവർത്തകരെ തിരുകി കയറ്റുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ജീവിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹം ഓരോ സംസ്ഥാനങ്ങളുടേയും വികസനം ഉറപ്പുവരുത്തുന്നു. പ്രാദേശിക വ്യത്യാസമില്ലാത്ത വികസനമാണ് മോദിയുടെ പ്രത്യേകത. ​മുഖ്യമന്ത്രിയായിരുന്നപ്പോൾ ​ഗുജ്റാത്തിനെ സമ്പൂർണ്ണ വികസന സംസ്ഥാനമാക്കിയ നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വികസനമെത്തിക്കാനാണ് ശ്രമിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലും വികസനമെത്തിയത് മോദി വന്ന ശേഷമാണ്. എന്നാൽ മോദിയുടെ വികസനത്തിന് തുരങ്കംവെക്കുകയാണ് കേരള സർക്കാർ.

ജനങ്ങൾക്കു ഉപകാരപ്രദമാവുന്ന രീതിയിലാണ് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം. അദ്ദേഹത്തിന്റെ ആ​ഗ്രഹം അനുസരിച്ച് കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക് പാർട്ടിപ്രവർത്തകർ എത്തുന്നു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് സേവനപ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ സമ്മേളനവും ദിവ്യാംഗർക്കുള്ള ഉപകരണങ്ങളുടെ വിതരണവും കാസർഗോഡ് ടൗണിൽ അദ്ദേഹം നിർവഹിച്ചു. കണ്ണൂരിൽ നടന്ന പരിപാടികൾക്ക് മുൻ സംസ്ഥാന അദ്ധ്യക്ഷൻ സികെ പദ്മനാഭനും കോഴിക്കോട് അഖിലേന്ത്യാ വൈസ്പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയും നേതൃത്വം നൽകി. തൃശ്ശൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശും എറണാകുളത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ എഎൻ രാധാകൃഷ്ണനും നേതൃത്വം നൽകി. സുരേഷ് ​ഗോപി എംപി ആലപ്പുഴയിലും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ,പി.സുധീർ എന്നിവർ പത്തനംത്തിട്ട,കൊല്ലം ജില്ലകളിലും നേതൃത്വം നൽകി. മുതിർന്ന നേതാക്കളായ ഒ.രാജ​ഗോപാൽ,കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ് എന്നിവർ തിരുവനന്തപുരത്തും വിവിധ പരിപാടികളിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here