തിരുവനന്തപുരം ;  സമൂഹം ആപത്തോടെ കാണുന്ന നാർക്കോട്ടിക് വ്യാപനത്തെ നേരിടാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ പുതിയതായി അനുവദിച്ച 165 സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്‌കൂൾ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വ്യാപന സംഘങ്ങൾ പലയിടത്തും പ്രവർത്തിക്കുന്നു. സ്‌കൂൾ പ്രവർത്തിക്കുന്ന ഘട്ടത്തിൽ എസ്.പി.സി ഉള്ളയിടങ്ങളിൽ നല്ല രീതിയിൽ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു. രാജ്യത്തിന് എതിരെ ചിന്തിക്കുന്ന ശക്തികൾ ശാരീരികവും മാനസികവുമായി ആരോഗ്യമുള്ള തലമുറ വളർന്നു വരാതിരിക്കാൻ ശ്രമിക്കും. ദുഷിച്ച രീതിയിൽ ചിന്തിക്കുന്ന ചിലർ സ്വാർത്ഥ ലാഭം മുൻനിർത്തി, തത്ക്കാലം കുറച്ച് പണം സമ്പാദിക്കുന്നതിനായി, തെറ്റായ വഴിയിലൂടെ സഞ്ചരിക്കും. ഇവർ വളർന്നു വരുന്ന തലമുറയെ നിശ്ചേഷ്ടമാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
165 സ്‌കൂളുകൾ കൂടി ചേരുന്നതോടെ 70716 കുട്ടികൾ എസ്. പി. സിയുടെ ഭാഗമായി. സംസ്ഥാനത്തെ 968 സ്‌കൂളുകളിലാണ് നിലവിൽ പദ്ധതിയുള്ളത്. ഉടൻ തന്നെ ആയിരം സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ബാക്കിയുള്ള സ്‌കൂളുകളിലും ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഗുണമേൻമ മനസിലാക്കി രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തെ തുടർന്ന് പല സംസ്ഥാനങ്ങളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി എത്തിക്കഴിഞ്ഞു. ഇത് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് കരുതുന്നത്. അച്ചടക്കമുള്ള വലിയൊരു സമൂഹത്തെ വാർത്തെടുക്കാനാവുമെന്നാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here