തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടിയിൽ ചേർന്ന മുതിർന്ന ഉദ്യോഗസ്ഥരെ ബിജെപി അവഗണിക്കുന്നതായി പരാതി. പാർട്ടിയ്ക്കുള്ളിൽ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മെട്രോമാൻ ഇ ശ്രീധരനും മുൻ ഡിജിപി ജേക്കബ് തോമസും ബിജെപി നേതൃത്വത്തിനു പരാതി നൽകിയന്നാണ് റിപ്പോർട്ടുകൾ.  തെരഞ്ഞെടുപ്പ് കാലത്ത് പുതുതായി പാർട്ടിയിലെത്തിയ നേതാക്കളെ ബി ജെ പിയിലെ പഴയ നേതാക്കൾ അവഗണിക്കുന്നതായാണ് ഇവരുടെ പരാതി.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കടുത്ത തിരിച്ചടിയുടെ സാഹചര്യത്തിൽ കേരളത്തിൽ ബി ജെ പി വലിയ അഴിച്ചുപണിയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് റിപ്പോർട്ട്. സംസ്ഥാന നേതൃത്വത്തിലടക്കം മാറ്റം കൊണ്ടുവരാനും കേരളഘടകത്തിലെ ഗ്രൂപ്പുകളി നിയന്ത്രിക്കാനുമാണ് കേന്ദ്രനേതൃത്വം ശ്രമിക്കുന്നത്. മാസങ്ങൾക്കു മുൻപു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒരേയൊരു സീറ്റ് നഷ്ടപ്പെടുകയും വോട്ടുവിഹിതത്തിൽ കുറവുണ്ടാകുകയും ചെയ്തിരുന്നു. തോൽവിയ്ക്കു പിന്നാലെ ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവരെ പ്രതിക്കൂട്ടിലാക്കിയ കുഴൽപ്പണ വിവാദവും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. ഈ സാഹചര്യത്തിലായിരുന്നു പ്രശ്‌നങ്ങൾ പഠിച്ചു പരിഹാരം കാണാനുള്ള ശ്രമം ബി ജെ പി തുടങ്ങിയത്.

ബിജെപി പുനഃസംഘടനയ്ക്കായി നാലു ജനറൽ സെക്രട്ടറിമാർ അടങ്ങുന്ന ഉപസമിതിയെയും പാർട്ടി നയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം കണ്ടെത്താനും സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കാനുമാണ് നിർദേശം. ജില്ലാ അധ്യക്ഷന്മാർ ഉൾപ്പെടെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും മാറ്റം വരുത്താനാണ് ബിജെപി പദ്ധതിയിടുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാറ്റിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ പാർട്ടി അധ്യക്ഷന്മാർക്കും മാറ്റമുണ്ടാകും. ഇതു കൂടാതെ തിരുവനന്തപുരത്തെ ജില്ലാ അധ്യക്ഷൻ വിവി രാജേഷ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. എന്നാൽ ജില്ലയിൽ തത്കാലം മാറ്റം വേണ്ടെന്നാണ് പാർട്ടി നിർദേശം. മേഖലാ സംഘടനാ സെക്രട്ടറിമാരെ മാറ്റുന്നതിൽ ആർ എസ് എസ് ആണ് തീരുമാനമെടുക്കുക

നിഷ്പക്ഷ പ്രതിച്ഛായയുള്ള കൂടുതൽ നേതാക്കളെ പാർട്ടിയിലെത്തിക്കാനും പൊതുജന അടിത്തറ വിപുലപ്പെടുത്താനുമായിരുന്നു ബി ജെ പി തെരഞ്ഞെടുപ്പ് കാലത്ത് പദ്ധതിയിട്ടത്. മുൻ ഡി ജി പി ജേക്കബ് തോമസ്, ഡി എം ആർ സി മുൻ തലവൻ ഇ ശ്രീധരൻ എന്നിവർ ബി ജെ പിയിൽ എത്തിയത് ഈ പദ്ധതിയുടെ ഭാഗമായായിരുന്നു. ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പോലും ബിജെപി ഉയർത്തിക്കാട്ടിയിരുന്നു. സംസ്ഥാന നേതാക്കളെക്കാൾ ഉപരി കേന്ദ്രനേതാക്കളുമായാണ് ഇവർക്ക്കൂടുതൽ ബന്ധമുണ്ടായിരുന്നതെന്ന പ്രത്യേകതയുമുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച സമിതിയിലും ഇരുവരും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി അവഗണിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തു വരുന്നതെന്നതാണ് ശ്രദ്ധേയം.

LEAVE A REPLY

Please enter your comment!
Please enter your name here