തിരുവനന്തപുരം: വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ പരാതി കണ്ണൂർ ജയിലിലേക്ക് മാറ്റാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് പൊലീസ്. വിയ്യൂർ അതിസുരക്ഷാ ജയിലിൽ സുനിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. സുനിയെ പാർപ്പിച്ചിരിക്കുന്നത് 24 മണിക്കൂറും പൂട്ടിയിട്ട സെല്ലിലാണ്.

തന്നെ വധിക്കാൻ ജയിലിലുള്ള ചില തടവുകാർ ശ്രമിക്കുന്നുണ്ടെന്ന കൊടി സുനിയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊടി സുനി പരാതിയിൽ പേരെടുത്ത് പറഞ്ഞ തടവുകാരൻ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. എങ്കിലും കനത്ത സുരക്ഷ തുടരണമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദേശം

വിയ്യൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ആഴ്ചകൾക്കു മുമ്പാണ് ടി.പി വധക്കേസ് പ്രതിയായ കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സുനിയെ പാർപ്പിച്ചിരിക്കുന്നത് ഗാർഡ് ഓഫീസിന് തൊട്ടടുത്ത സെല്ലിൽ.ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കണ്ണെത്തുന്നിടമാണിത്. മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്തമായി സുനിയുടെ സെൽ 24 മണിക്കൂറും പൂട്ടിയിടും.

വ്യായാമത്തിനു പോലും പുറത്തിറക്കില്ല. ഭക്ഷണം അകത്തെത്തിക്കും.മറ്റ് തടവുകാരുമായി ബന്ധപ്പെടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗം തടയാൻ സെല്ലിൽ സിസിടിവി ക്യാമറയുണ്ട്. സന്ദർശകരായി എത്തുന്നത് അമ്മയും സഹോദരനും മാത്രമാണ്. വധഭീഷണിയുണ്ടെന്ന പരാതിയിൽ കഴമ്പില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും അന്വേഷണം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here