ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. ഭാരത ബന്ദിൻറെ ഭാഗമായി പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും ഹരിയാനയിൽ ദേശീയ പാതകളും റെയിൽ പാതകളും ഉപരോധിക്കും. പ്രതിഷേധത്തിൽ നിന്ന് കർഷകർ പിൻമാറണമെന്ന് കേന്ദ്ര കൃഷി മന്ത്രി കർഷകരോട് അഭ്യർത്ഥിച്ചു. സമരം നടത്തി സംഘർഷമുണ്ടാക്കരുതെന്നും ചർച്ചയുടെ വഴിയിലേക്ക് കർശകർ എത്തണമെന്നും നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. എന്നാൽ സമരവുമായി മുന്നോട്ട് പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം. അതേ സമയം ദില്ലി അതിർത്തിയിൽ ഭാരത ബന്ദിനെ തുടർന്ന് സുരക്ഷ കർശനമാക്കി.

കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നാണ് ഹർത്താൽ നടത്തുന്ന സംയുക്ത സമരസമിതി അറിയിക്കുന്നത്. നേരത്തെ സർക്കാറും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും എന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് കെ എസ് ആർ ടി സി അറിയിച്ചു.  ആശുപത്രികൾ, റയിൽവെ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവ്വീസുകൾ പൊലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. എന്നാൽ ഹർത്താൽ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തർ ജില്ലാ, അന്തർ സംസ്ഥാന സർവ്വീസുകൾ  ഉണ്ടായിരിക്കുമെന്നും സി എം ഡി അറിയിച്ചു.  

ചില തൊഴിലാളി സംഘടനകൾ സെപ്തംബർ 27, തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ തീരുമാനം. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി തന്നെ നേരത്തെ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നതും ജീവനക്കാരുടെ കുറവുമാണ് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിക്കാൻ കാരണം. സർവകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here