കൊച്ചി: പുരാവസ്തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന് എതിരായ കേസിലെ ഇടപെടലില്‍ ഐ ജി ലക്ഷ്മണിന് കാരണം കാണിക്കല്‍ നോട്ടീസ്. എ ഡി ജി പി മനോജ് എബ്രഹാമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 16 നാണ് നോട്ടീസ് നല്‍കിയത്. മോന്‍സന്‍ മാവുങ്കലിനെതിരെ ബിസിനസ് ഗ്രൂപ്പ് നല്‍കിയ ആറ് കോടിയുടെ തട്ടിപ്പ് കേസില്‍ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐ ജി ലക്ഷ്മണ മെയില്‍ അയയ്ക്കുകയായിരുന്നു.

പിന്നാലെ അന്നത്തെ ഡി ജി പി ലോക്നാഥ് ബെഹ്റ അന്വേഷണം മോന്‍സന്‍ മാവുങ്കല്‍ ആവശ്യപ്പെട്ട ചേര്‍ത്തല സിഐയ്ക്ക് നല്‍കി ഉത്തരവിറക്കി. എന്നാല്‍ പണം നഷ്ടമായവരുടെ എതിര്‍പ്പും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പരിഗണിച്ച് ഈ നീക്കം തടയപ്പെട്ടു. ചേര്‍ത്തലയിലെ ഈ സി ഐ മോന്‍സന്‍ മാവുങ്കലിന്റെ മകളുടെ വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് അറസ്റ്റിന് തൊട്ട് മുന്‍പായിരുന്നു ഇത്. മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന് മോന്‍സനുമായുള്ള അടുപ്പത്തിന്റെ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു.

അതിനിടെ മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ഗുരുതരാരോപണം നേരിടുകയാണ്. 2018 നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മോന്‍സന്റെ കലൂരുളള വീട്ടില്‍വെച്ച് കെ സുധാകരന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ കോടികള്‍ കയ്യില്‍ കിട്ടാന്‍ ദില്ലിയിലെ ഗുപ്ത അസോസിയേറ്റ്സിന് അടിയന്തരമായി 25 ലക്ഷം രൂപ വേണമെന്ന് മോന്‍സന്‍ മാവുങ്കല്‍ ആവശ്യപ്പെട്ടു.

സുധാകരന്റെ ഇടപെടലില്‍ പാര്‍ലമെന്റിലെ പബ്ളിക് ഫിനാന്‍സ് കമ്മിറ്റിയെക്കൊണ്ട് ഒപ്പിടുവിച്ച് പണംവിടുവിക്കുമെന്നും സംശയമുണ്ടെങ്കില്‍ തന്റെ വീട്ടിലേക്ക് വന്നാല്‍ മതിയെന്നും മോന്‍സന്‍ പരാതിക്കാരെ അറിയിച്ചു. നവംബര്‍ 22ന് കലൂരിലെ വീട്ടില്‍വെച്ച് സുധാകരന്റെ സാന്നിധ്യത്തില്‍ ദില്ലിലിലെ കാര്യങ്ങള്‍ സംസാരിച്ചെന്നും ഇതിന് തുടര്‍ച്ചയായി 25 ലക്ഷ രൂപ കൈമാറിയെന്നുമാണ് പരാതിയിലുളളത്. കെ സുധാകരന്‍ എം പി എന്നാണ് ഇവരുടെ പരാതിയില്‍ ഉളളതെങ്കിലും 2018 ല്‍ സംഭവം നടക്കുമ്പോള്‍ സുധാകരന്‍ എം പിയായിരുന്നില്ല. ഈ പണം കൈമാറ്റവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here