തിരുവനന്തപുരം: കൊവിഡ് കാലത്തെ യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ധന പിന്‍വലിച്ചു. ഒക്ടോബര്‍ 1 മുതല്‍ എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് നേരിട്ടതോടെ നേരത്തെ ഫ്ളക്സി റേറ്റ് രീതിയായിരുന്നു കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിരുന്നത്.

ദീര്‍ഘദൂര ലോഫ്ളോര്‍ ബസ്സുകളിലും വോള്‍വോ ബസ്സുകളിലും സൈക്കിളുകളും ഇ- സ്‌കൂട്ടറും കൊണ്ടുപോകാന്‍ അനുവദിക്കാനും തീരുമാനമായി. നിരക്ക് നിശ്ചയിച്ച് നവംബര്‍1 മുതല്‍ ഇത് നടപ്പാക്കുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.

സ്‌കൂള്‍ ബസ്സില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വ്വീസ് നടത്താന്‍ നേരത്തെ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു. സ്‌കൂള്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലേക്കും ബസ് സര്‍വ്വീസ് നടത്താനാണ് കെഎസ് ആര്‍ടിസി തീരുമാനം. ഒക്ടോബര്‍ 20 നു മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്നസ് ഉറപ്പാക്കും.

ആവശ്യത്തിന് ബസ്സില്ലാത്ത സ്‌കൂളുകളിലേക്ക് കുട്ടികളെ എങ്ങിനെ എത്തിക്കുമെന്ന രക്ഷിതാക്കളുടെ പ്രധാന ആശങ്ക പരിഹരിക്കാനാണ് കെഎസ്ആര്‍ടിസി നീക്കം. കൊവിഡ് പേടി കാരണം പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ പലര്‍ക്കും മടിയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ കൈത്താങ്ങ്. നിലവില്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസ് നടത്തുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here