കൊച്ചി : ലോക വിനോദസഞ്ചാര ദിനാഘോഷത്തിന് മുന്നോടിയായി കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി. ഡി ടി പി സി അർബോറെറ്റം റിവർ പെരിയാറിൽ നടന്ന പരിപാടി അൻവർ സാദത്ത് എം എൽ എ  ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര  പ്രതിസന്ധികളെ തരണം ചെയ്ത് ടൂറിസം മേഖല സജീവമാകുകയാണ്. ആലുവയെ ഒരു മികച്ച ടൂറിസം കേന്ദ്രമായി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

പെരിയാറിൽ ദിനംപ്രതി മാലിന്യം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കഴിയുന്നത്രയും മാലിന്യങ്ങൾ പുഴയിൽ നിന്നും ശേഖരിച്ച് സംസ്‌കരിക്കുക  എന്ന ലക്ഷ്യത്തോടെയാണ്  കയാക്കിങ് നടത്തിയത്. 16 ബാഗ് പ്ലാസ്റ്റിക്ക് മാലിന്യമാണ് പെരിയാറിൽ നിന്നും ശേഖരിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക്കുകൾ പ്ലാനറ്റ് എർത്തിൽ പുന:ചംക്രമണത്തിന് നൽകി.

ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാർ നദിയുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ്  നദീസംരക്ഷണ പരിപാടി സംഘടിപ്പിച്ചത്.

അഡ്വഞ്ചർ ഇക്കോടൂറിസം കേന്ദ്രമായി  ആലുവ പദ്ധതിയെ മാറ്റാനാണ്  ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 39 കയാക്കുകൾ, 7 സ്റ്റാൻഡ് അപ്പ് പാടിലുകൾ, എന്നിവ പരിപാടിയിൽ അണിനിരന്നു.  

പ്രകൃതിക്ക് യാതൊരുവിധ ദോഷവുമില്ലാത്ത  ടൂറിസം പ്രവർത്തനങ്ങളിൽ ഒന്നാണ് കയാക്കിങ്. വിദേശ രാജ്യങ്ങളിൽ കയാക്കിങ് പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നാണ്.  യാതൊരു വിധ മലിനീകരണവുമില്ലാതെ  സുരക്ഷിതമായി ജലാശയങ്ങളെ ആസ്വദിക്കാനാക്കും എന്നതാണ് കയാക്കിങ്ങിന്റെ പ്രത്യേകത.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച്, വിനോദസഞ്ചാരം – എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വളർച്ചയ്ക്കായി ഐക്യത്തോടെ നമുക്കൊരുമിച്ച് വളരാം എന്ന വിഷയത്തെ ആസ്പദമാക്കി, എറണാകുളം ഡിടിപിസിയും പെരിയാർ അഡ്വഞ്ചേഴ്‌സും സാഹസിക ടൂർ ഓപ്പറേറ്റർ സ്ഥാപനമായ സാന്റോസ് കിംഗും ചേർന്നാണ്  പരിപാടി സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here