കോഴിക്കോട്: കൂടരഞ്ഞിയിൽ പി വി അൻവർ എം എൽ എയുടെ ഉടമസ്ഥതയിലുളള റിസോർട്ടിനായി നിർമിച്ച തടയണകൾ പൊളിക്കാൻ നാളെ മുതൽ നടപടികൾ തുടങ്ങും. നിയമവിരുദ്ധമായി നിർമിച്ച തടയണകൾ പൊളിച്ചു നീക്കാൻ ജില്ലാ കളക്ടർ അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് നടപടികളിലേക്ക് കടക്കുന്നത്.

കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ പി വി അൻവറിൻറെ ഉടമസ്ഥതയിലുളള പി വി ആർ നാച്വറൽ റിസോർട്ടിനായി നീർച്ചാലിനു കുറുകെ നിർമിച്ച തടയണയാണ് കൂടരഞ്ഞി പഞ്ചായത്തിൻറെ നേതൃത്വത്തിൽ പൊളിക്കാനൊരുങ്ങുന്നത്. തടയണ നിർമാണം നിയമം ലംഘിച്ചെന്ന് വ്യക്തമായതിനെത്തുടർന്ന് ഇവ പൊളിച്ചു നീക്കാൻ ജില്ലാ കളക്ടർ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും ഇത് പൊളിക്കാൻ റിസോർട്ട് അധികൃതർ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ് ഇന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചത്. നാളെ മുതൽ തടയണ പൊളിക്കാനുളള നടപടി തുടങ്ങും. പൊളിച്ചു നീക്കാനുളള ചെലവ് അൻവറിൽ നിന്ന് തന്നെ ഈടാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

നീർച്ചാലിൻറെ സ്വഭാവിക നീരൊഴുക്ക് തടസപ്പെടുന്ന നിലയിലാണ് തടയിണ നിർമാണമെന്ന് കാട്ടി കേരള നദീസംരക്ഷണ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെത്തുടർന്നായിരുന്നു കോടതി കളക്ടറോട് പരാതി പരിശോധിച്ച് നടപടിയെടുക്കാൻ  നിർദേശിച്ചത്. എന്നാൽ തടയണ പ്രദേശത്തെ കുടിവെള്ള ലഭ്യതയ്ക്ക് അത്യാവശ്യമെന്ന വാദവുമായി ഒരു വിഭാഗം നാട്ടുകാരും രംഗത്തുണ്ട്.

അതിനിടെ, കർണാടകയിൽ ക്രഷർ  സ്ഥാപിക്കാനായി 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതുമായി ബന്ധപ്പെട്ട് പിവിഅൻവർ എംഎൽഎയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത  കേസിൻറെ സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് മഞ്ചേരി സി.ജെ.എം  കോടതി നിർദ്ദേശം നൽകി.കേസിൽ പി.വി അൻവർ എം.എൽ.എ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി  ക്രൈം ബ്രാഞ്ച്  കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here