ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയുടെ ഇരുപതാമത് പതിപ്പ് സംഘടിപ്പിച്ച് അസറ്റ് ഹോംസ്

20 വര്‍ഷം കഴിഞ്ഞ് ഒരു കൂട്ടമരണം ഉണ്ടാകണോ വേണ്ടയോ എന്ന് ഇന്നുള്ള തലമുറയ്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയിലേക്കാണ് കാലാവസ്ഥാമാറ്റം വന്നെത്തിയിരിക്കുന്നതെന്നും പി വിജയന്‍


കൊച്ചി: വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍ കുറ്റങ്ങള്‍ക്ക് ഇരയാവുന്നതിന്് കൂടുതല്‍ സാധ്യതയുണ്ടെന്ന് ഐജി പി വിജയന്‍ ഐപിഎസ്. മറുവശത്ത് തിരിച്ചു പോകാന്‍ ഒരു വീടു പോലുമില്ലാത്തവര്‍, നഷ്ടപ്പെടുവാന്‍ ഒന്നുമില്ല എന്ന ചിന്തയിലൂടെ കുറ്റവാസനകളിലേയ്ക്ക് വഴി തെറ്റിപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഓരോ കുടുംബത്തിനും ഒരു വീടുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് അടിസ്ഥാനപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദ സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ഇരുപതാമത് പതിപ്പില്‍ ലോകപാര്‍പ്പിടദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീട് ഒരു കെട്ടിടം മാത്രമല്ല, സ്്‌നേഹത്തിന്റേയും കരുതിലിന്റേയും ഇടം കൂടിയാണ്. എന്നാല്‍ ആ സ്‌നേഹത്തിന് സുരക്ഷിതമായ ഒരു മേല്‍ക്കൂര വേണം. കുറ്റവാസനകള്‍ തടയുന്നതില്‍ നല്ല വീടുകള്‍ക്കും നല്ല കൂടുംബങ്ങള്‍ക്കും വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിന് ശരാശരി രണ്ടു വീടുണ്ടെന്ന് പറയുന്നവരുണ്ട്. ആര്‍ക്കാണാവോ അങ്ങനെ രണ്ടു വീടുള്ളത്. ലോകമെങ്ങും അസമത്വം വര്‍ധിക്കുകയാണ്. ഭൂമിയില്‍ 700 കോടിയിലേറെ ജനങ്ങളുള്ളതില്‍ 16 കോടിയിലറേപ്പേര്‍ക്കും വീടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. അതേ സമയം ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ലൈഫ് മിഷന്‍ പോലുള്ള പദ്ധതികളിലൂടെ കേരള സര്‍ക്കാര്‍ ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം എന്നത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും പൊതുസമൂഹവും വ്യക്തികളും സ്ഥാപനങ്ങളും അത് തങ്ങളുടെ ഉത്തരവാദിത്തമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാസ്തുശില്‍പ്പികളും ബില്‍ഡര്‍മാരും പലപ്പോഴും കെട്ടിടങ്ങളുെട സൗന്ദര്യമോ സ്‌ക്വയര്‍ ഫീറ്റിലെ ലാഭമോ മാത്രം നോക്കുന്നുവെന്നും എന്നാല്‍ പ്രകൃതിയുടെ നിലനില്‍പ്പിനും വിവിധ ഊര്‍ജങ്ങളുടെ അമിതോപയോഗം തടയുന്നതിനും അവര്‍ ശ്രദ്ധിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലക്കും ലഗാനുമില്ലാതെ വീടുകളും കെട്ടിടങ്ങളും കെട്ടിക്കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. ഒരു വലിയ വീടു പണിയുമ്പോള്‍ ഒരു ചെറിയ കുന്നെങ്കിലും ഇല്ലാതാകുമെന്നും ഒരു പാറക്കുഴി ഉണ്ടാകുമെന്നും ഓര്‍ക്കണം. മനുഷ്യര്‍ക്ക് വീടില്ലാതെ സാധ്യമല്ല. അതുകൊണ്ട് പ്രകൃതിയേക്കൂടി കണ്ക്കിലെടുത്തുള്ള ഒരു ബാലന്‍സിംഗാണ് വേണ്ടത്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരുടേയും സര്‍ഗശക്തിയും പുതുമകളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായവല്‍ക്കരണത്തിനു മുമ്പുള്ള കാലത്തു നിന്ന് ആഗോള താപനില 1.09 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു. രോഗങ്ങളും ഹീറ്റ് വേവും പെരുകുന്നതും പ്രളയങ്ങള്‍ ഉണ്ടാകുന്നതുമെല്ലാം ഇതിന്റെ ഫലമാണ്. ആഗോളനഗരങ്ങളിലെ സമ്മേളന വിഷയം എന്നതില്‍ നിന്ന് കാലാവസ്ഥാമാറ്റം ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ഓരോ വ്യക്തിയേയും ബാധിക്കുന്ന യാഥാര്‍ത്ഥമായി. കാര്‍ബണ്‍മുക്ത ലോകത്തിനായുള്ള നാഗരിക കര്‍മപദ്ധതി എന്ന ആഗോള പാര്‍പ്പിടദിനത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തം ഏറെ പ്രധാനമാണെന്നും ഐജി പി വിജയന്‍ പറഞ്ഞു. നിലവിലെ 700 കോടി ജനങ്ങളില്‍ പകുതിയിലേറെപ്പേര്‍ നഗരങ്ങളിലാണ്. 20 കൊല്ലത്തിനുള്ളില്‍ 300 കോടി ആളുകള്‍ കൂടി നഗരങ്ങളിലെത്തുമെന്നാണ് കരുതുന്നത്. ലോകത്ത് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ 70%വും നഗരങ്ങളില്‍ നിന്നാണ്. ഇതിനൊപ്പം കോവിഡ് കൂടി ചേര്‍ന്നപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. നഗരങ്ങളിലെ ചേരികളില്‍ കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുന്നു.

ഇനിയുള്ള 20 വര്‍ഷം ഏറെ ഉത്തരവാദിത്തത്തിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതീവ ശ്രദ്ധാപൂര്‍വം ജീവിച്ചില്ലെങ്കില്‍ അത് അടുത്ത തലമുറയോട് ചെയ്യുന്ന വലിയ കുറ്റമായിരിക്കും. 20 വര്‍ഷം കഴിഞ്ഞ് ഒരു കൂട്ടമരണം ഉണ്ടാകണോ വേണ്ടയോ എന്ന് ഇന്നുള്ള തലമുറയ്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയിലേക്കാണ് കാലാവസ്ഥാമാറ്റം വന്നെത്തിയിരിക്കുന്നത്.

സാങ്കേതികവിദ്യകളുടെ കുതിപ്പും കാലാവസ്ഥാമാറ്റവും കോവിഡും ചേര്‍ന്ന് ലോകക്രമത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കയാണ്. പോലീസിംഗിലും ഇത് കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ ഉണ്ടാക്കാതെ തരമില്ല. സമൂഹത്തിന്റെയും ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. ഒരു വശത്ത് സ്റ്റുഡന്റ് കേഡറ്റുകള്‍ തുടങ്ങിയ പരീക്ഷണങ്ങളിലൂടെ കേരളാ പോലീസും മാറുമ്പോള്‍ സ്വയം നിയമങ്ങള്‍ അനുസരിക്കുമെന്ന ഉത്തരവാദിത്തം ഓരോ വ്യക്തിയും നിറവേറ്റണം. നമ്മുടെ രാജ്യത്ത് 40 കോടി കുട്ടികളുണ്ടെന്നും പാര്‍പ്പിടമായാലും സാമൂഹ്യ സുരക്ഷയായാലും ക്രമസമാധാനമായാലും ഭാവിയെ നിര്‍ണയിക്കാന്‍ പോകുന്നത് അവരായിരിക്കുമെന്നും വിജയന്‍ ചൂണ്ടിക്കാണിച്ചു.

ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പോലീസ് തടയണമെന്ന ഹൈക്കോടതി ഉത്തരവാണ് ശബരിമലയെ പരിസ്ഥിതിസൗഹാര്‍ദ്ദമാക്കാന്‍ താന്‍ നേതൃത്വം നല്‍കി നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയിലേക്കുള്ള ആലോചനയിലെത്തിച്ചത്. രണ്ടു മാസത്തെ ഉത്സവക്കാലത്ത് ശബരിമലയില്‍ വരുന്ന ഒന്ന്-ഒന്നരക്കോടി ആളുകളില്‍ ഓരോരുത്തരും ശരാശരി 500 ഗ്രാം മാലിന്യമാണ് പരിസ്ഥിതിലോലമായ പൂങ്കാവനം പ്രദേശത്ത് ഉപേക്ഷിച്ചു പോന്നിരുന്നത്. 10-20 ഏക്കറിനുള്ളില്‍ 100-150 ടണ്‍ മാലിന്യമുണ്ടാകുന്ന അവസ്ഥ. ഭക്തരുടെ പെരുമാറ്റരീതി തന്നെ മാറ്റി മറിയ്ക്കാന്‍ ലക്ഷ്യമിട്ടും അവരവര്‍ സൃഷ്ടിക്കുന്ന മാലിന്യം അവരവര്‍ തന്നെ കൊണ്ടുപോയി സംസ്‌കരിക്കുന്നത് നടപ്പില്‍ വരുത്തിയുമാണ് ആഗോളശ്രദ്ധ നേടിയ പുണ്യം പൂങ്കാവനം പദ്ധതി നടപ്പാക്കിയത്. 2020-ലെ ആദ്യലോക്ഡൗണ്‍ സമയത്ത് കേരളാ പോലീസ് നേതൃത്വം നല്‍കിയ ഭക്ഷണം നല്‍കുന്ന സേവന പരിപാടി 30 പാക്കറ്റ് ഉപ്പുമാവുമായി ആരംഭിച്ചതാണെന്നും പെട്ടെന്നു തന്നെ അത് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ 24 അടുക്കളയും പ്രതിദിനം 35,000 ഭക്ഷണപ്പാക്കറ്റുകളുമായി വളരുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാര്‍പ്പിടങ്ങള്‍ മാത്രമല്ല പരിസ്ഥിതിയും ഒരു നേരത്തെ ആഹാരവുമെല്ലാം ക്രമസമാധാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അങ്ങനെ അത് പോലീസിന്റേയും ഉത്തരവാദിത്തമാകുന്നു, അദ്ദേഹം പറഞ്ഞു.

ആഗ്രഹങ്ങളനുസരിച്ചല്ല ആവശ്യങ്ങളനുസരിച്ചാണ് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. അമേരിക്ക മാത്രം പുറത്തു വിടുന്ന കാര്‍ബണ്‍ 27 ടണ്ണാണ്. ബാക്കിയുള്ളവരിലെ 400 കോടി ജനങ്ങള്‍ രണ്ട് ടണ്‍ കാര്‍ബണ്‍ മാത്രമേ പുറന്തള്ളുന്നുള്ളു. ആ രണ്ടു കോടിയുടെ ദയയിലാണ് ലോകം മുഴുവന്‍ ജീവിക്കുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ അവരെ ദരിദ്രരായി നിലനിര്‍ത്തുകയല്ല ഇതിനുള്ള പ്രതിവിധ. ചരിത്രപരമായ തിരുത്തലും സുസ്ഥിര വികസനവും ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്നും സുനില്‍ കുമാര്‍ പറഖ്ഞു.

ലോക പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലായി വര്‍ഷത്തില്‍ മൂന്നു തവണയാണ് അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. പാര്‍പ്പിടദിന പ്രഭാഷണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അസറ്റ്് ഹോംസ് ഉപഭോക്താക്കളും പങ്കാളികളും കമ്പനിയുടെ സമൂഹമാധ്യമ പേജുകളിലൂടെ തല്‍സമയം വീക്ഷിച്ചു.

ഫോട്ടോ – അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് ദ സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയിലെ ഇരുപതാമത് പതിപ്പില്‍ ഐജി പി വിജയന്‍ ഐപിഎസ് ലോകപാര്‍പ്പിടദിന പ്രഭാഷണം നടത്തുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here