രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്ചകളും നടന്നു

ട്രിങ്കൊമലി, ഒക്ടോബര്‍ 4: ശ്രീലങ്ക സമീപകാലത്തെ ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുന്ന ഈ അവസരത്തില്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല നാലു ദിവസത്തെ സന്ദര്‍ശനത്തിന് (ഒക്ടോബര്‍ 02-05) ശ്രീലങ്കയിലെത്തി. ഉഭയകക്ഷിബന്ധം, ഇരുരാഷ്ട്രങ്ങളുടെയും നിലവിലുള്ള സംയുക്തപദ്ധതികളുടെ പുരോഗതി, കോവിഡുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ തുടര്‍ സഹകരണം എന്നിവയാണ് സെക്രട്ടറിയുടെ സന്ദര്‍ശനത്തിനിടെ അവലോകനം ചെയ്യുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു

സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ ഞായറാഴ്ച വിദേശകാര്യ സെക്രട്ടറി ജാഫ്‌നയുടെ വടക്കന്‍ പ്രവിശ്യ സന്ദര്‍ശിക്കുകയും പാലാലി വിമാനത്താവളത്തിന്റെ വികസനത്തിന്റെയും പുനരധിവാസത്തിന്റെയും പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. തമിഴ് പ്രാമുഖ്യതയുള്ള വടക്കന്‍ പ്രവിശ്യയുടെ സാമൂഹിക-സാമ്പത്തിക ക്ഷേമത്തിന് ഈ പദ്ധതി പ്രധാനമാണ്.

ഞായറാഴ്ച വിദേശകാര്യ സെക്രട്ടറി ട്രിങ്കൊമലിയിലെ ഓയില്‍ ടാങ്ക് ഫാമുകളും സന്ദര്‍ശിച്ചു. ലങ്ക ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു (LIOC) കീഴിലുള്ള ലോവര്‍ ടാങ്ക് ഫാമുകളില്‍ നടത്തിയ വികസനത്തെക്കുറിച്ചും ഇന്ത്യാ-ശ്രീലങ്കാ ഊര്‍ജ പങ്കാളിത്തം ഇനിയും ശക്തിപ്പെടുത്തുന്നതിന്റെയും ശ്രീലങ്കയുടെ ഊര്‍ജസുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും സാധ്യതകളെക്കുറിച്ചും കോര്‍പ്പറേഷന്‍ അധികൃതര്‍ അദ്ദേഹത്തിനു വിശദീകരിച്ചു കൊടുത്തുവെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ടാങ്കുകള്‍ ദേശീയഇന്ധന സ്ഥാപനമായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ (CPC) നിയന്ത്രണത്തിലാക്കണമെന്ന് ശ്രീലങ്കയിലെ എണ്ണമേഖലയിലെ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടതിനാല്‍ ഈ സൈറ്റിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നു. അന്നേ ദിവസത്തെ അവസാന പരിപാടിയായി പ്രശസ്തമായ ജാഫ്‌നാ സാംസ്‌കാരിക കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശനവേളയില്‍, വിദേശകാര്യ സെക്രട്ടറി ഈ കലാസാംസ്‌കാരിക കേന്ദ്രത്തെ ഏറെ പ്രകീര്‍ത്തിച്ചു. ഈ പ്രദേശത്തെ ജനങ്ങളെ അവരുടെ വേരുകളുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനും സാംസ്‌കാരിക പൈതൃകം ഇന്ത്യയുമായി പങ്കിടുന്നതിനും സഹായിക്കുന്നതിനായി ഇന്ത്യന്‍ ഗ്രാന്റ് സഹായം കൊണ്ടാണ് അതു നിര്‍മിച്ചത്.

ഇന്നലെ (തിങ്കളാഴ്ച) വിദേശകാര്യ സെക്രട്ടറി ശ്രീലങ്കന്‍ പ്രസിഡന്റ് ഗറ്റോബായ രാജപക്സ, പ്രധാനമന്ത്രി മഹീന്ദ രാജപക്സ, വിദേശകാര്യ മന്ത്രി ജി. എല്‍. പെയ്‌റിസ് എന്നിവരെയും സന്ദര്‍ശിച്ചു. കൂടാതെ, പ്രധാന തമിഴ് രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് നാഷണല്‍ സഖ്യത്തിന്റെ ഒരു പ്രതിനിധി സംഘവുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ പദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്യുന്നതിനാണ് വിദേശകാര്യ സെക്രട്ടറിയുടെ ഈ സന്ദര്‍ശനം. രണ്ട് അയല്‍രാഷ്ടങ്ങളും കോവിഡ്-19 മഹാമാരിയെ കൂട്ടായി നേരിടാനും സാധ്യമായ രീതിയില്‍ പരസ്പരം സഹായിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം, ഇന്ത്യ ആദ്യം അയല്‍പക്കം എന്ന നയപ്രകാരം കോവിഡ് -19 വാക്‌സിനുകളും അടിയന്തര മെഡിക്കല്‍ ഓക്‌സിജന്റെ ഷിപ്പ്‌മെന്റുകളും രോഗബാധയുടെ പെട്ടെന്നുള്ള വര്‍ദ്ധനവിനെ പ്രതിരോധിക്കാനായി ശ്രീലങ്കയ്ക്കു നല്‍കിയിരുന്നു.

ഫോട്ടോ 1 – ജാഫ്‌നയെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പലാലി വിമാനത്താവള വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ വിദേകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല പരിശോധിക്കുന്നു

ഫോട്ടോ 2 – ട്രിങ്കൊമലിയിലെ ഐഎസി ടാങ്ക് ഫാമിലെ സന്ദര്‍ശന വേളയില്‍ വിദേശകാര്യ സെക്രട്ടറി
 

LEAVE A REPLY

Please enter your comment!
Please enter your name here