തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഉന്നതർക്കെതിരെ മൊഴി നൽകാൻ ഇ ഡി സമ്മർദ്ദം ചെലുത്തിയെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തൽ കോടതി പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഷയം ഗൗരവമുള്ളതാണെന്ന് കോടിയേരി പറഞ്ഞു.

കേസിൽ ഗൂഢാലോചന ഉണ്ടെന്ന സി പി എമ്മിന്റെ ആരോപണം ശരിവെയ്ക്കുന്നതാണ് സന്ദീപിന്റെ വെളിപ്പെടുത്തലെന്ന് കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ ഇ ഡി സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു സന്ദീപിന്റെ വെളിപ്പെടുത്തൽ. ഇവരുടെ പേര് പറഞ്ഞാൽ കേസിൽ നിന്നും രക്ഷിക്കാമെന്നായിരുന്നു ഇ ഡിയുടെ വാഗ്ദാനമെന്നും സന്ദീപ് പറഞ്ഞു.

കോഫെപോസ തടവ് അവസാനിച്ചതിനെത്തുടർന്ന് ശനിയാഴ്ചയാണ് സന്ദീപ് ജയിൽ മോചിതനായത്. സ്വപ്നയെ സഹായിക്കുന്നതിനാണ് താൻ ബെംഗളുരുവിലേക്ക് പോയതെന്ന് സന്ദീപ് പറഞ്ഞു. സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ല. എല്ലാം കോടതിയിലാണെന്നും ഡോളർ കടത്തിയതായി തനിക്ക് അറിവില്ലെന്നും സന്ദീപ് പറഞ്ഞു.
കോൺസുലേറ്റ് ബാഗ് വന്നത് അറിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ ഫ്‌ലാറ്റിൽ പോയിട്ടുണ്ട്. ശിവശങ്കറിന് കേസിൽ പങ്കില്ലെന്നാണ് വിശ്വാസമെന്നും സന്ദീപ് പറഞ്ഞു.

തനിക്ക് അറിയുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാൻ തയ്യാറാണ്. സ്വർണക്കടത്ത് കേസ് കണ്ടെത്തുന്നതിനു പുറമേ നെടുമങ്ങാട് വർക്ക്‌ഷോപ്പ് തുടങ്ങിയിരുന്നു. എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലും ഡോളർ കടത്ത് കേസിലും കള്ളപ്പണ കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളിലൊക്കെ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here