പത്തനംതിട്ട : ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള എല്ലാ പ്രവർത്തനങ്ങളും നവംബർ പത്തിനകം പൂർത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ  വിലയിരുത്തുന്നതിന്  പത്തനംതിട്ട കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ  അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തകർന്നു പോയ ഞുണങ്ങാർ പാലത്തിനു പകരമായി രണ്ടാഴ്ചയ്ക്കുള്ളിൽ താൽക്കാലിക പാലം നിർമിക്കും. സീതത്തോട് – ആങ്ങമൂഴി – നിലയ്ക്കൽ – പ്ലാപ്പള്ളി റോഡിലെ കുടിവെള്ള പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പത്തു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
ശബരിമല പാതയിലെ കടവുകൾ വൃത്തിയാക്കുകയും ബാരിക്കേടുകളും വിവിധ ഭാഷയിലുള്ള സൈൻ ബോർഡുകളും സ്ഥാപിക്കും. വടശേരിക്കര, പമ്പ എന്നിവിടങ്ങളിൽ താൽക്കാലിക തടയണകൾ സ്ഥാപിക്കും.

കുടിവെള്ളത്തിന്റെ ഗുണനിലവാരം കർശനമായി ഉറപ്പുവരുത്തും. ഓരോ മണിക്കൂറിലും വെള്ളം പരിശോധിക്കുന്നതിനായി പമ്പയിൽ പ്രത്യേക ലാബ് സജീകരിക്കും. പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ശബരിമലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്പെഷ്യൽ ടീമിനെ നിയോഗിക്കും. ഇടത്താവളങ്ങൾ, ബസ് സ്റ്റാൻഡ്, ആശുപത്രികൾ എന്നിവിടങ്ങളിൽ കുടിവെള്ളം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. കുടിവെള്ള കിയോസ്‌കുകൾ വരുന്ന തീർഥാടകരുടെ എണ്ണത്തിന് അനുസൃതമായി ഒരുക്കണം. ഞുണങ്ങാർ പാലത്തിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും എംഎൽഎ പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട പഞ്ചായത്തുകൾ, പ്രദേശങ്ങൾ എന്നിവയെ ഏകോപിപ്പിക്കുന്ന ചുമതല ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. സുഗമമായ തീർഥാടനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വകുപ്പുതല പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. സുഗമമായ മണ്ഡലകാലം ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ പറഞ്ഞു.
അസിസ്റ്റൻഡ് കളക്ടർ സന്ദീപ് കുമാർ, വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ പ്രകാശ് ഇടിക്കുള, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ,  വാട്ടർ അതോറിറ്റി, ഇറിഗേഷൻ, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here