തിരുവനന്തപുരം: സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെ വർക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താൻ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്ന് സന്ദീപ് നായർ. വ്യക്തി ബന്ധം വച്ചാണ് ക്ഷണിച്ചതെന്നും മറ്റ് ബന്ധമൊന്നും അന്നത്തെ സ്പീക്കറുമായി ഇല്ലായിരുന്നുവെന്നും സന്ദീപ് അവകാശപ്പെടുന്നു. സ്വപ്നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ലെന്നും സന്ദീപ് പറയുന്നു.

സ്വർണ്ണം കടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് പറയുന്നില്ലെന്ന് പറഞ്ഞ സന്ദീപ്, നിരപരാധിയാണോ അപരാധിയാണോയെന്ന് വരും ദിവസങ്ങളിൽ അറിയാമെന്ന് പ്രതികരിച്ചു. തന്റെ വീട്ടിൽ നിന്നും എടുത്ത സാധനങ്ങൾ സ്വർണ്ണം കടത്തിയതിന് ഉപയോഗിച്ചതാണോയെന്ന് കോടതിയിൽ തെളിയിക്കട്ടെയെന്നാണ് നിലപാട്.

സ്വപ്ന സുരേഷിനെ പരിചയപ്പെട്ടത് സരിത് വഴിയാണ്. കോൺസുലേറ്റിന്റെ ചില കോൺട്രാക്ട് ജോലികളും ചെയ്തിരുന്നു. 2003ൽ സ്വണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് റമീസിനെ പരിചയപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു.

സ്വപ്നയെ സഹായിക്കാനാണ് ബെംഗളൂരിവിലേക്ക് പോയതെന്നാണ് സന്ദീപിന്റെ അവകാശവാദം. മഹാരാഷ്ട്രയിലേക്ക് പോകാൻ ഒരു ട്രാൻസിറ്റ് പാസ് എടുത്തിരുന്നുവെന്നും ഇയാൾ പറയുന്നു. സ്വപ്നയുമൊത്താണ് ശിവശങ്കറിനെ കണ്ടെതന്നും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ നേരിട്ടറിയില്ലെന്നും സന്ദീപ് പറഞ്ഞു. യൂണിടാക്കിനെ കോൺസുൽ ജനറിലിനെ പരിചയപ്പെടുത്തിയെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി പറഞ്ഞു.

കസ്റ്റംസ് കേസിലും എൻഫോഴ്‌സ്‌മെൻറ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായർ എൻ ഐ എ കേസിൽ മാപ്പുസാക്ഷിയാണ്. യു എ ഇ കോൺസൽ ജനറലും അറ്റാഷെയും കളളക്കടത്തിൻറെ രാജ്യാന്തര സൂത്രധാരൻമാരെന്നാണ് സന്ദീപ് നായർ തന്നെ എൻ ഐ എ കോടതിയിൽ പറഞ്ഞത്.

നേരത്തെ, സ്വർണ്ണക്കടത്തിന് പുറമേ, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here