കോഴിക്കോട് : വിനോദ സഞ്ചാര വികസനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ വൈവിധ്യങ്ങളായ പരിപാടികൾ. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ബേപ്പൂർ മറീന ജെട്ടി കേന്ദ്രീകരിച്ച് നടത്തുന്ന ജലമേളയോടൊപ്പം എല്ലാ ദിവസവും കലാപരിപാടികളും ഗസൽ ഉൾപ്പെടെ സംഗീത നിശയും അരങ്ങേറും. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകളുണർത്തുന്ന പ്രത്യേക കലാവിരുന്നുമൊരുക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഫെസ്റ്റ് രാജ്യാന്തര ശ്രദ്ധ നേടുന്ന രീതിയിലാണ് സംഘാടനം.

ഡിസംബർ അവസാന വാരത്തിൽ രാജ്യാന്തര ശ്രദ്ധയാകർഷിക്കും വിധത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിൻ്റെ സംഘാടക സമിതി ഓഫീസ് ഹാർബർ എഞ്ചിനീയറിംങ് വിഭാഗം കേന്ദ്രത്തിൽ പ്രവർത്തനമാരംഭിക്കും. നവംബർ ഒന്നിന് ലോഗോ പ്രകാശനവും നടത്തും.

സിനിമ – കലാ സാഹിത്യ രംഗത്തെ പ്രശസ്തരും പരിപാടിയുടെ ഭാഗമാകും. വെള്ളത്തിലൊഴുകുന്ന ദീപാലംകൃത വേദിയി(ഫ്ലോട്ടിംങ് സ്റ്റേജ് )ലാകും ഉദ്ഘാടന ചടങ്ങുകളും കലാപരിപാടികളും അരങ്ങേറുക. ഇതിനു പുറമെ മലബാറിൻ്റെ രുചി വൈവിധ്യങ്ങളറിയാൻ അവസരമൊരുക്കുന്ന ഫുഡ് ഫെസ്റ്റ്, കരകൗശല സ്റ്റാളുകൾ ഉൾപ്പെടുന്ന ആർട്ട് ആൻ്റ് ക്രാഫ്റ്റ് മേള , ബേപ്പൂരിനെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച ഉരുവിൻ്റെ പ്രത്യേക എക്സിബിഷൻ തുടങ്ങിയവയുമുണ്ടാകും.

ബേപ്പൂർ മറീനയിൽ നിന്നു തുടങ്ങി ഫറോക്ക് പാലം വരെയാകും ജലമത്സരങ്ങൾ. മത്സരങ്ങളുടെ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. സുരക്ഷാ ക്രമീകരണങ്ങൾക്കായി ഫറോക്ക് അസി.കമ്മീഷണറെ ചുമതലപ്പെടുത്തി. വാഹന പാർക്കിംഗിനും മറ്റും വിപുലമായ സംവിധാനങ്ങളൊരുക്കും.

മുഖ്യവേദിയൊരുങ്ങുന്ന ബേപ്പൂർ മറീന ജെട്ടിയും പുലിമുട്ട് തീരവും മന്ത്രി മുഹമ്മദ്‌ റിയാസ് സന്ദർശിച്ചു. സബ് കലക്ടർ ചെൽസസിനി, ടൂറിസം ജോയിൻ്റ് ഡയറക്ടർ സി.എൻ അനിതകുമാരി, ഡെപ്യൂട്ടി ഡയറക്ടർ ടി.സി മനോജ്, അസി.കമ്മീഷണർ എ എം സിദ്ദീഖ്, സി കെ പ്രമോദ്, എം ഗിരീഷ്, ടി രജനി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here