തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം എത്രയും പെട്ടെന്ന് കൈമാറാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തകര്‍ന്ന വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ ഇവയുടെയെല്ലാം കണക്കെടുപ്പ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കും. ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഒക്ടോബര്‍ 12 മുതല്‍ 20 വരെ 42 മരണങ്ങള്‍ വിവിധ ദുരന്തങ്ങളില്‍ സംഭവിച്ചു. ഉരുള്‍പൊട്ടലില്‍ 19 പേരുടെ (കോട്ടയം-12, ഇടുക്കി-7) മൃതദേഹങ്ങള്‍ കണ്ടെത്തി. ആറ് പേരെ കാണാതായി. നിലവില്‍ 304 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 3851 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയോര മേഖലകളില്‍ താമസിക്കുന്നവരും ദുരന്തബാധിത പ്രദേശങ്ങളില്‍ കഴിയുന്നവരും ജാഗ്രത പുലര്‍ത്തണം.

തെക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 24 വരെ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും സംസ്ഥാന സേനകളെ കൂടാതെ ദേശീയ സേനകളെയും വിന്യസിച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന നടത്തും. എല്ലാവരും മാസ്‌ക് ധരിക്കണം. ഭക്ഷണം കഴിക്കുന്നത് അകന്ന് ഇരുന്ന് വേണം. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കും. 

വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്നതിനായി ജനമൈത്രി പൊലീസിന്റെയും സ്റ്റുഡന്റ് പൊലീസിന്റെയും സേവനം ഉപയോഗപ്പെടുത്തും. വിവിധ പ്രദേശങ്ങളിലായി 7800 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ടെന്നാണ് വിവരം. ഇത് ഇനിയും വര്‍ധിപ്പിക്കണം. ദുരന്ത ബാധിത പ്രദേശങ്ങളില്‍ പൊതുജനങ്ങളുടെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ഇക്കാര്യത്തില്‍ പൊലീസ് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here