ന്യൂഡൽഹി : കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. 56 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ നാല് വൈസ് പ്രസിഡന്റുമാരാണ് ഉള്ളത്. വൈസ് പ്രസിഡന്റുമാരിൽ വനിതകൾ ഇല്ല. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡൻറുമാരും എം പിമാരും എം എൽ എമാരും എക്‌സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാക്കൾ ആകും.

വി ടി ബൽറാം, എൻ ശക്തൻ , വി.പി സജീന്ദ്രൻ , വി.ജെ പൗലോസ് എന്നിവർ വൈസ് പ്രസിഡന്റുമാരാകും. പ്രതാപചന്ദ്രൻ ട്രഷറർ ആകും. ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേർ മാത്രമാണ് വനിതകൾ. ദീപ്തി മേരി വർഗീസും , അലിപ്പറ്റ ജമീലയും, കെ.എ തുളസിയും ആണ് ജനറൽ സെക്രട്ടറിമാരിലെ വനിതകൾ. പദ്മജ വേണുഗോപാലിനെ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തി. ഡോ. പി. ആർ സോന ആണ് നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു വനിത.

അനിൽ അക്കര, ത്യോതികുമാർ ചാമക്കാല, ഡി സുഗതൻ എന്നിവരെയും നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിമതസ്വരം ഉയർത്തിയ എ വി ഗോപിനാഥിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. കെ.ജയന്തിനെ ജനറൽ സെക്രട്ടറിയായി ഉൾപ്പെടുത്തി.

51 പേർ മാത്രം ഉണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. 325 അംഗ പട്ടികയാണ് 56 ആക്കിയത്. 42 ജനറൽ സെക്രട്ടറിമാർ ഉണ്ടായിരുന്നത് 23 ആക്കി ചുരുക്കി. 12 വൈസ് പ്രസിഡന്റ്മാറുണ്ടായിരുന്നത് 4 ആക്കി.

കോൺഗ്രസ് വഞ്ചിച്ചു എന്നു കരുതുന്നില്ല എന്ന് പട്ടികയെക്കുറിച്ച് എ വി ഗോപിനാഥ് പ്രതികരിച്ചു. കോൺഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവച്ചയാളാണ് താൻ. അംഗത്വം രാജിവച്ചത് സ്വകാര്യമല്ല. കോൺഗ്രസിൽ നിന്ന് രാജിവച്ചതോടെ ചാപ്റ്റർ അടഞ്ഞു. എ വി ഗോപിനാഥ് പാർട്ടിക്കൊപ്പമുണ്ടെന്ന കെ സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക ജാതിക്കാർക്ക് കെ പി സി സി പട്ടികയിൽ അർഹമായ പരിഗണന ഇല്ലെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ കെ ഷാജു പ്രതികരിച്ചു. പട്ടികജാതിക്കാർക്ക് തികഞ്ഞ അവഗണനയാണെന്നും അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here