ഇന്ന് നവംബർ 1,
ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കൾക്ക് കേരളപ്പിറവി ആശംസകൾ നേരുന്നതോടൊപ്പം, പുതുതലമുറയുടെ അറിവിലേക്കായി ഏതാനും വരികൾ എഴുതുന്നതിൽ സന്തോഷമുണ്ട്.

1947 ൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞു 9 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നമ്മുടെ കേരള സംസ്ഥാനം രൂപം കൊണ്ടത്, അതായത് 1956 നവംബർ ഒന്നാം തീയതി. അപ്പോൾ അതിനു മുൻപ് കേരളം അറിയപ്പെട്ടിരുന്നത് എങ്ങിനെയാണ് ?
മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്നു പ്രധാന പ്രവിശ്യകളായിരുന്നു ഉണ്ടായിരുന്നത്. ഭാഷാ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന്‌ 65 വർഷം.

കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.

രാജ ഭരണം നിലനിന്നിരുന്ന നാട്ടുരാജ്യങ്ങളിൽ (മലബാറിൽ ഉൾപ്പെട്ട തലശ്ശേരി, കണ്ണൂർ, കാസർഗോഡ് ) ഏറ്റവും ശക്തമായ നാട്ടുരാജ്യമായിരുന്നു കോലത്തിരികൾ ഭരിച്ചിരുന്ന “കോലത്തുനാട് “. അതിന്റെ തലസ്ഥാനവും പ്രമുഖ വ്യാപാരകേന്ദ്രവും ആയിരുന്നു, കണ്ണൂരിനും പയ്യന്നൂരിനും അടുത്തുള്ള (ഇപ്പോൾ നാവിക സേന ആസ്ഥാനം കൂടി ആയ) “എഴിമല”.
(കോലത്തിരിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കോലത്തു നാട്ടിൽ നിന്നും പാലായനം ചെയ്തു ആദ്യം കൊടുങ്ങല്ലൂരിലേക്കും, അവിടുന്ന് കോഴഞ്ചേരിയിലേക്കും താമസമുറപ്പിച്ച പൂർവ്വികർ പേരിനോടൊപ്പം “കോലത്ത്” എന്ന പേര് നിലനിർത്തുകയും ചെയ്തു എന്ന വസ്തുതയും ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. (Ref: Kolath family history Version 1982)).

1957 ഫെബ്രുവരി 28 നായിരുന്നു കേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പിൽ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.കേരളത്തെ കൂടാതെ, കർണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങൾ രൂപം കൊണ്ടതു നവംബർ 1 നാണ്. നവംബർ 1 കേരളത്തിനെപ്പോലെ ഈ സംസ്ഥാനക്കാർക്കും ഏറെ പ്രധാനപ്പെട്ടതാണ്.

Malayalam Mission നും ആയി കൈ കോർത്ത് മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ
വേൾഡ് മലയാളി കൌൺസിൽ ഇന്ത്യ ഒട്ടാകെയും, ലോകമെമ്പാടും ഇന്ന്‌ ലോക മലയാള ദിനം കൊണ്ടാടുകയും മലയാള ഭാഷാ പ്രതിജ്ഞ എടുക്കുകയും ആണല്ലോ. കേരളത്തെപ്പറ്റിയും, നമ്മുടെ മലയാള ഭാഷയെപ്പറ്റിയും നമുക്ക് അഭിമാനിക്കാം, ആ പാരമ്പര്യത്തിന്റെ സുഗന്ധം പുതു തലമുറയിലേക്കു പകരാം.

ചിത്രത്തിൽ: വേൾഡ് മലയാളി കൗൺസിലും, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷനും, സംയുക്തമായി 2018 നവംബർ ഒന്നിന് , തിരുവനന്തപുരത്തു സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷത്തിൽ ഭാഷാ പ്രതിജ്ഞ ഉദ്‌ഘാടനം ചെയ്യുന്ന മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സൂസൻ ജോർജ്, WMC നേതാക്കളായ ജോണി കുരുവിള, പോൾ പാറപ്പള്ളി, ജോസ്‌ കോലത്ത്,
മറ്റ്‌ വിശിഷ്ട വ്യക്തികൾ
തുടങ്ങിയവരാണ് വേദിയിൽ. ഡോ. എ.വി. അനൂപ്, ഷാജി മാത്യു, തുടങ്ങി WMC യുടെ പല നേതാക്കളും അംഗങ്ങളും പങ്കെടുത്ത ആ ചടങ്ങു് ഒരു വൻ വിജയം ആയിരുന്നുവെന്നു മാത്രമല്ല, വരും തലമുറയ്ക്ക് വേൾഡ് മലയാളി കൌൺസിൽ നൽകിയ ഭാഷാ സ്നേഹത്തിന്റെ ഒരു വലിയ സന്ദേശം കൂടിയായിരുന്നു.

(ലോക കേരള സഭ അംഗവും, വേൾഡ് മലയാളി കൌൺസിൽ മുൻ ഗ്ലോബൽ പ്രവാസി കാര്യ വകുപ്പ് ചെയർമാനും ആണ് ലേഖകൻ.)

1 COMMENT

  1. A brief authentic presentation about the formation of “Keralam” and also mentioned our “Sreshta bhasha” Malayalam too.
    It’s a good reference for history students and also a very valuable information for our new generation about their motherland.

    Thank you Mr. Jose koleth for the valuable writeups

LEAVE A REPLY

Please enter your comment!
Please enter your name here