കൊച്ചി/ഇടുക്കി: സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏലം വ്യാപാരവും കയറ്റുമതിയും വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്നും ക്ലൗഡ്-അധിഷ്ഠിത ഇ-ലേലം ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അത് വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ ഉപകാരപ്പെടുമെന്നും അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ഇടുക്കിയിലെ പുറ്റടിയില്‍ സ്‌പൈസസ് ബോര്‍ഡ് തുടക്കമിട്ട ക്ലൗഡ്-അധിഷ്ഠിത ലൈവ് ഇ-ലേല കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്.

പുതിയ ഇ-ലേലം കേന്ദ്രത്തിന്റെ വരവോടെ സ്‌പൈസസ് ബോര്‍ഡിനു കീഴില്‍ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലും ഇടുക്കിയിലെ പുറ്റടിയിലുമുള്ള ഇ-ലേല കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സംയോജിതമാകും. ഇതോടെ ലേലത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ടിയാകും. ഇതുവഴി കൂടുതല്‍ വ്യാപാരികള്‍ക്കു മുന്നില്‍ ഉല്‍പ്പന്നം അവതരിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. ഇതിനു മുമ്പ് കര്‍ഷകരും വ്യാപാരികളും ലേലക്കാരും തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ലേല കേന്ദ്രങ്ങളിലേയ്ക്ക് അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നടത്തിയായിരുന്നു ലേലത്തില്‍ പങ്കെടുത്തിരുന്നത്.

നൂതന സാങ്കേതികവിദ്യ ഉപോഗപ്പെടുത്തുന്ന ഈ പ്ലാറ്റ്‌ഫോം ആരംഭിക്കുകവഴി കര്‍ഷകരുടേയും വ്യാപാരികളുടേയും അവസരങ്ങള്‍ വികസിപ്പിക്കാനും മെച്ചപ്പെട്ട വില ലഭ്യമാക്കാനുമാണ് സ്‌പൈസസ് ബോര്‍ഡ് ലക്ഷ്യമിടുന്നതെന്ന് മുഖ്യപ്രഭാഷണത്തില്‍ സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ ഐഎഫ്എസ് പറഞ്ഞു. പുതിയ രീതി ഏലക്കായുടെ ഗുണനിലാവര വര്‍ധനയിലും പ്രതിഫലിക്കുമെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ ജി തങ്കപ്പന്‍ പറഞ്ഞു. കയറ്റുമതി വര്‍ധന ലക്ഷ്യമിട്ട് ഗുണനിലവാരും വര്‍ധിപ്പിക്കാന്‍ ഏലം നഴ്‌സറി സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ബോര്‍ഡിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്റ്റാന്‍ലി ജോസഫ് പോത്തന്‍, ബോര്‍ഡംഗം ടി ടി ജോസ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ബി എന്‍ ഝാ, റിസര്‍ച്ച് ആന്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ ഡോ എ ബി രമ ശ്രീ എന്നിവരും പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷന്‍: ഇടുക്കി പുറ്റടിയിലെ സ്‌പൈസസ് പാര്‍ക്കില്‍ സ്‌പൈസസ് ബോര്‍ഡ് സ്ഥാപിച്ച ക്ലൗഡ്-അധിഷ്ഠിത ലൈവ് ഇ-ലേല കേന്ദ്രം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുന്നു. സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ ഡോ. എ ബി രമ ശ്രീ, വൈസ് ചെയര്‍മാന്‍ സ്റ്റാന്‍ലി ജോസഫ് പോത്തന്‍, സെക്രട്ടറി ഡി. സത്യന്‍ ഐഎഫ്എസ്, ചെയര്‍മാന്‍ എ ജി തങ്കപ്പന്‍, ബോര്‍ഡംഗം ടി ടി ജോസ് എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here