കൊച്ചി: കൊച്ചിയിൽ സംഘർഷത്തിനിടയാക്കിയ പ്രതിഷേധത്തെ ചൊല്ലി കോൺഗ്രസ്  നേതാക്കൾക്കിടയിൽ ഭിന്നത. നടൻ ജോജുവിൻറെ  കാർ തകർത്തത് അടക്കമുള്ള പ്രതിഷേധത്തെ ന്യായീകരിച്ച കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ജോജു ക്രിമിനലിനെ പോലെ പെരുമാറിയെന്ന് വിമർശിച്ചു. വഴിതടഞ്ഞുള്ള സമരത്തോട് വ്യക്തിപരമായി എതിർപ്പാണെന്നും കൊച്ചി സംഭവം പരിശോധിക്കുമെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്റെ  പ്രതികരണം.

ജനത്തിൻറെ നടുവൊടിക്കുന്ന ഇന്ധന വിലവർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധമില്ലെന്ന വിമർശനം ഉയരുന്നതിനിടെയാണ് കോൺഗ്രസ്  സമരത്തിനായി റോഡിലിറങ്ങിയതും വെട്ടിലായതും. സംഘടനാ തീരുമാനപ്രകാരം തന്നെയാണ് എറണാകുളം ഡി സി സി ഹൈവേ ഉപരോധത്തിനിറങ്ങിയത്. എന്നാൽ ഇന്ധന വിലവർധനവിനെതിരെ ശക്തമായ സമരം വേണമെന്ന നിലപാടെടുത്തവർ തന്നെ കോൺഗ്രസിന്റെ വഴിമുടക്കിയുള്ള സമരരീതിയെ ചോദ്യം ചെയ്യുകയാണ്.

സമരത്തിനെതിരെ പ്രതികരിച്ച ജോജുവിൻറെ വാഹനം തകർത്തടക്കമുള്ള സംഘർഷത്തിനെതിരെ വിമർശനം ഉയരുമ്പോൾ കെ പി സി സി അധ്യക്ഷൻ ജോജുവിനെ തള്ളി പാർട്ടി പ്രവർത്തകർക്ക് നൽകുന്നത് പൂർണ്ണ പിന്തുണയാണ്. പ്രതിപക്ഷ നേതാവിന്റെ ഏറ്റവും അടുത്ത അനുയായി എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് സമരം നയിച്ചത്. പക്ഷെ വി ഡി സതീശൻ ജനത്തെ വലച്ച സമരത്തിനൊപ്പമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ജോജു മദ്യപിച്ചാണ് റോഡിൽ പ്രതിഷേധിച്ചതെന്ന കെപിസിസി അധ്യക്ഷന്റേയും കൊച്ചിയിലെ സമരക്കാരുടേയും വാദം പക്ഷേ മെഡിക്കൽ പരിശോധനാ ഫലം വന്നതോടെ പൊളിഞ്ഞു. പക്ഷേ ജോജുവിന് നേരെ പ്രതിഷേധം  കടുപ്പിച്ച് കോൺഗ്രസ് മാളയിലെ നടന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അടക്കമുള്ള സിനിമാ പ്രവർത്തകർ സുധാകരന്റെ ക്രിമിനൽ പരാമർശം അടക്കം തള്ളി ജോജുവിന് പിന്തുണ പ്രഖ്യാപിച്ചു. സിനിമാക്കാർക്ക് സാധാരണക്കാരന്റെ പ്രശ്‌നമറിയില്ലെന്ന് പറഞ്ഞ് ജോജുവിനെതിരെ സൈബർ സ്‌പേസിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്. എന്നാൽ ഇടത് നേതാക്കൾ ജോജുവിന പിന്തുണച്ചു കൊണ്ട് കോൺഗ്രസ് സമരത്തെ തള്ളിപ്പറയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here