തൃശ്ശൂർ : സംസ്ഥാന സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പി. വത്സലയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. നോവൽ, ചെറുകഥാ രചനാ രംഗത്ത് പി. വത്സല നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാനവികതയുടെ അപചയങ്ങൾക്കെതിരെ ജാഗ്രത പുലർത്തിയ എഴുത്തുകാരി നിന്ദിതരുടെയും നിരാലംബരുടെയും മുറവിളികൾക്ക് രചനകളിൽ ഇടം നൽകി. യാഥാസ്ഥിതികത്വത്തിൽ നിന്നുമുളള വിമോചനം സ്വപ്നം കണ്ട എഴുത്തുകാരിയാണ് പി വത്സലയെന്നും മന്ത്രി പറഞ്ഞു.

അടിയാള ജീവിതത്തിനെ എഴുത്തിൽ ആവാഹിച്ച പി വത്സല പ്രാദേശികവും സ്വത്വപരവുമായ കേരള പാരമ്പര്യങ്ങളെ രചനകളിൽ അതിമനോഹരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ചെയർമാനായ പുരസ്‌കാര നിർണ്ണയ സമിതി വിലയിരുത്തി.  ഡോ.ബി. ഇക്ബാൽ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്‌കാരനിർണ്ണയം നടത്തിയത്.

നെല്ല് ആണ് പി വത്സലയുടെ ആദ്യനോവൽ. എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽചീളുകൾ, മലയാളത്തിന്റെ സുവർണകഥകൾ, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here