തിരുവനന്തപുരം: കെപിസി നേതൃയോഗത്തിൽ നിന്നും വിട്ടുനിന്ന് മുതിർന്ന നേതാവ് വി എം സുധീരനടക്കമുള്ള നേതാക്കൾ. കെപിസിസി പുനസംഘടിപ്പിക്കപ്പെട്ടതിന് പിന്നാലെ നടത്തിയ നിർവ്വാഹകസമിതി അംഗങ്ങളുടെ ആദ്യ യോഗത്തിൽ നിന്നാണ് സംസ്ഥാന നേതൃത്വവുമായി അകന്ന് നിൽക്കുന്ന സുധീരൻ വിട്ടുനിന്നത്.

കെ പി സി സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ എംപി എന്നിവരും യോഗത്തിൽ പങ്കെടുത്തില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡൽഹിയിൽ തുടരേണ്ടതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് മുരളീധരൻ പറയുന്നത്. യോഗത്തിൽ നിന്നും വിട്ട് നിൽക്കാനുള്ള കാരണം എന്താണെന്ന് സുധീരൻ അറിയിച്ചിട്ടില്ല. സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, പോഷക സംഘടനാ പ്രസിഡന്റുമാർ എന്നിവർ ഇന്നത്തെ കെപിസിസി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പുനസംഘടന വൈകിയത് മൂലമാണ് കെ പി സി സി ചേരുന്നത് താമസിച്ചതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

പുനസംഘടിപ്പിക്കപ്പെട്ട നിർവാഹകസമിതിയുടെ ആദ്യയോഗം നാളെയാണ് ചേരുന്നത്. ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക പുറത്തുവന്നതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിക്ക് ശേഷം കെ പി സി സി പുനസംഘടനയിൽ അതൃപ്തി ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കെ പി സി സി നേതൃയോഗം തുടരുന്നത്.

സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെതിരെ എ, ഐ ഗ്രൂപ്പുകൾ നീക്കം ആരംഭിച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നതിൽ സുധാകരൻ പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിൽ ഒറ്റക്കെട്ടായി നീങ്ങാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. സംസ്ഥാന നേതൃത്വവുമായി സമവായത്തിന് ആഗ്രഹമുണ്ടെങ്കിലും അതിന് മുൻകൈ എടുക്കേണ്ടെന്നാണ് ഗ്രൂപ്പുകളുടെ തീരുമാനം. നേതൃത്വം മുന്നോട്ടുവന്നാൽ മാത്രം തുറന്ന ചർച്ചകൾ നടത്താമെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ചർച്ച നടന്നാൽ സുധാകരന്റെ ഏകപക്ഷീയമായ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഗ്രൂപ്പുകൾ എതിർപ്പറിയിക്കും.

അതേസമയം, സുധാകരൻ  മത്സരിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് സംഘടനാ തെരഞ്ഞെടുപ്പിൽ സംയുക്തമായി നീങ്ങാൻ ഗ്രൂപ്പുകൾ തീരുമാനിച്ചു. ഗ്രൂപ്പുകൾക്ക് ശക്തമായി തിരിച്ചുവരേണ്ട സാഹചര്യമുള്ളതിനാൽ രമേശ് ചെന്നിത്തല മത്സരിക്കാനുള്ള സാധ്യത തള്ളാനാകില്ല. ചെന്നിത്തല മത്സരരംഗത്ത് ഇല്ലെങ്കിൽ എ ഗ്രൂപ്പിൽ നിന്ന് മത്സരിപ്പിക്കുന്ന ആളിന് ഐ ഗ്രൂപ്പ് പിന്തുണ നൽകുകയും ചെയ്‌തേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here