തിരുവനന്തപുരം : നൂറ്റിയിരുപത്താറ്‌ വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിനു പകരം പുതിയത്‌ പണികഴിപ്പിക്കണമെന്നതാണ് കേരളത്തിന്റെ വ്യക്തമായ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും ടി പി രാമകൃഷ്ണന്റെ അടിയന്തര ചോദ്യത്തിന് മറുപടി നൽകി.

മുല്ലപ്പെരിയാർ വിഷയത്തിൽ നിയമസഭ പാസാക്കിയ പ്രമേയങ്ങൾക്ക് അനുസൃതമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സുപ്രീംകോടതിയിൽ കേരളം ഫയൽചെയ്ത നോട്ടുകളിൽ തമിഴ്നാട് വൈഗ ഡാമിലേക്ക് പരമാവധി ജലം കൊണ്ടുപോകണമെന്ന് ശക്തിയായി ആവശ്യപ്പെട്ടിട്ടുണ്ട്. ‍ഡാമിലെ ജലനിരപ്പ് 136ൽനിന്ന് 142 അടിയായി ഉയർന്നാലുള്ള അപകടസാധ്യതയും ചൂണ്ടിക്കാട്ടി. 136നു മുകളിൽ ഉയരുന്ന ഓരോ ജലനിരപ്പും ഡാമിന്‌ നൽകുന്ന മർദം ക്രമാനുഗതമായ ഒന്നല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാർ മേൽനോട്ട സമിതി മുമ്പാകെ തമിഴ്നാട് സമർപ്പിച്ച റൂൾ കർവിനെപ്പറ്റിയുള്ള വിയോജിപ്പും അറിയിച്ചിട്ടുണ്ട്. തുലാവർഷത്തിനുമുമ്പ്‌ ലഭിച്ച അതിതീവ്ര മഴ കാരണം ഒക്ടോബർ 29 മുതൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം തുറന്നുവിടുന്നുണ്ട്. വ്യക്തമായ മുന്നറിയിപ്പോടെ നിയന്ത്രിത അളവിലാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. സംസ്ഥാന സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടി കാരണമാണ് ഇത് സാധ്യമായത്. മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നതിലെ ആശങ്ക സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ ലഭ്യമാകുന്ന മഴയും നീരൊഴുക്കും കണക്കിലെടുത്ത് ജലനിരപ്പിലെ വ്യതിയാനം അവലോകനംചെയ്ത് മുൻകരുതലെടുക്കുന്നുണ്ട്. കാര്യങ്ങൾ വിശദീകരിച്ച് ഒക്ടോബർ 24ന് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന് ലഭിച്ച മറുപടിയിൽ രണ്ട് സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here