കൊച്ചിയില്‍ നിന്ന് ബാംഗ്‌ളൂരിലേക്കു വിമാനം കയറാതെ തന്നെ ഇനി മുപ്പതു മിനിട്ടു കൊണ്ടെത്താം. കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേക്കും ഡല്‍ഹിയില്‍ നിന്ന് മുംബെയിലേക്കും വെറും മുപ്പത് മിനുട്ട് കൊണ്ട് എത്താവുന്ന കാലം ഇനി ഒട്ടും വിദൂരമല്ല. സമീപഭാവിയില്‍ത്തന്നെ അങ്ങനെയൊരു ശരവേഗ യാത്ര സാധ്യമാക്കാനൊരുങ്ങുകയാണ് ഉടനെ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചേക്കാവുന്ന വെര്‍ജിന്‍ കമ്പനിയുടെ ഹൈപ്പര്‍ ലൂപ്.

അസാധ്യ കാര്യം സാധ്യമാക്കുന്ന സംവിധാനമാണ് പുതിയ കാലത്തിന്റെ യാത്രാ മാര്‍ഗ്ഗമായ ഹൈപ്പര്‍ ലൂപ്. എന്താണ് ഹൈപ്പര്‍ ലൂപ് എന്നു ചോദിച്ചാല്‍ വിവിധ നഗരങ്ങളിലേക്ക് ഏതാനും മിനുട്ടുകള്‍ കൊണ്ട് അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ആശയത്തിന്റെ ഏറ്റവും പുതിയ പേരെന്ന് ഒറ്റ വാക്കില്‍ പറയാം.

ഏറെക്കുറെ തീര്‍ത്തും വായുരഹിതമായ നിയര്‍ വാക്വം അന്തരീക്ഷത്തിലുള്ള റെയില്‍ പാത പോലെ നീണ്ടു കിടക്കുന്ന ഒരു കുഴല്‍പ്പാതയാണ് ഹൈപ്പര്‍ ലൂപ്പിന്റെ പ്രധാന പ്രത്യേകത. ഈ ട്യൂബിനുള്ളിലൂടെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാപ്‌സൂള്‍ രൂപത്തിലുള്ള കമ്പാര്‍ട്ടുമെന്റുകള്‍ക്ക് ആളുകളേയും ചരക്കും വഹിച്ച് 670 മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. അന്തരീക്ഷ മര്‍ദ്ദമില്ലാത്തതുകൊണ്ട് ശരവേഗവും കുറഞ്ഞ അളവിലുള്ള എനര്‍ജി ഉപഭോഗവും സാധ്യമാകും. അതിവേഗത്തില്‍ സഞ്ചരിച്ചാലും കുലുക്കമോ, അസുഖകരമായ ചലനങ്ങളോ, സുരക്ഷിതത്വത്തിന് കുറവോ സംഭവിക്കുകയില്ല.

സഞ്ചരിക്കുന്ന ഈ ക്യാപ്‌സൂളുകള്‍ ഒരു ട്രാക്കിലൂടെ മാത്രമല്ല ഓടുന്നത്. കാന്തിക ശക്തി ഉപയോഗിച്ച് ട്യൂബിനുള്ളില്‍ നിശ്ചിത ഉയരത്തില്‍ വായുവിലൂടെ ശരവേഗത്തില്‍ പായുകയാണ് ഇവ ചെയ്യുന്നത്. മുകളില്‍ ഘടിപ്പിച്ചിട്ടുള്ള അസംഖ്യം വൈദ്യുത കാന്തങ്ങള്‍ ക്യാപ്‌സൂളുകളെ ഉയര്‍ത്തി കുഴലിലൂടെ നിശ്ചിത പാതയില്‍ സഞ്ചരിപ്പിക്കുന്നു. ലോകത്തിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ് നിര്‍മ്മിച്ച് ടെസ്റ്റിംഗ് എല്ലാം കഴിഞ്ഞതിനു ശേഷം വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കാനുള്ള പദ്ധതിയിലാണ് വിര്‍ജിന്‍ ഗ്രൂപ്പ്. ഇന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ ചെയിനുകളെക്കാള്‍ തങ്ങളുടെ ഹൈപ്പര്‍ ലൂപ് സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഈ ക്യാപ്‌സൂളുകള്‍ക്ക് ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കാന്‍ സാധിക്കും. ട്രെയിനുകളിലെപ്പോലെ ഓരോ കമ്പാര്‍ട്ടുമെന്റുകളും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഓരോ കമ്പാര്‍ട്ടുമെന്റിനും വ്യത്യസ്ഥ വഴിയിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. ഒരു കാറോ, ബുള്ളറ്റോ ഓഫ് റോഡ് പോകുന്നതു പോലെ. അതിനാല്‍ തന്നെ ഇടയ്ക്കിടെയുള്ള സ്‌റ്റേഷനുകളിലെ കാത്തിരിപ്പ് ഒഴിവാക്കി ഇഷ്ടമുള്ള സ്ഥലത്തേക്ക് ടിക്കറ്റെടുത്ത് ശരവേഗത്തില്‍ സഞ്ചരിക്കാമെന്നാണ് കമ്പനി പറയുന്നത്. മലിനീകരണവും വളരെ കുറവ്.

ഹൈപ്പര്‍ലൂപ്പിനെപ്പറ്റി പറയുമ്പോള്‍ റിച്ചാര്‍ഡ് ബ്രാന്‍ഡ്‌സിനെക്കുറിച്ചു പറയേണ്ടത് അത്യാവശ്യമാണ്. ഭ്രാന്തനായ കോടീശ്വരന്‍ എന്ന വിശേഷണമുളളയാളാണ് ഇദ്ദേഹം. സമ്പന്ന കുടുംബത്ില്‍ ജനിച്ചെങ്കിലും അക്ഷരങ്ങള്‍ ശരിയായി എഴുതാനോ വായിക്കാനോ കഴിയാത്ത ഡിസ് ലെക്‌സിയ എന്ന കുട്ടികള്‍ക്കുണ്ടാകുന്ന അവസ്ഥയുണ്ടായിരുന്ന റിച്ചാര്‍ഡിനോട് ടീച്ചര്‍ പറഞ്ഞിരുന്നത് നീ ഒന്നുകില്‍ കോടീശ്വരനാകും അല്ലെങ്കില്‍ ജയിലില്‍ കിടക്കും എന്നായിരുന്നു. തോല്‍വി സമ്മതിക്കുന്നത് രക്തത്തിലില്ലാത്ത റിച്ചാര്‍ഡ് പക്ഷേ പിന്നീട് ജീവിതത്തിലൊരിക്കലും തോറ്റിട്ടില്ല.

തന്റെ പതിഞ്ചാമത്തെ വയസ്സില്‍ സ്റ്റുഡന്റ് എന്ന പേരില്‍ ഒരു മാഗസിന്‍ പുറത്തിറക്കിയ റിച്ചാര്‍ഡിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് കുറഞ്ഞ വിലയില്‍ മ്യൂസിക് റെക്കോര്‍ഡുകള്‍ വില്‍ക്കുന്ന വിര്‍ജിന്‍ മ്യൂസിക്കിന് തുടക്കം കുറിച്ചു. അവിടെയാണ് ലോകപ്രശസ്ത ബ്രാന്‍ഡ് വിര്‍ജിന്റെ ഉദയം. ഇന്ന് പല മേഖലകളിലായി ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു വിര്‍ജിന്‍ സാമ്രാജ്യം.

ഓരോ സംരഭങ്ങള്‍ക്ക് പിന്നിലും കാണാം ജോലി ഒരു വിനോദമാകണമെന്ന, മടുക്കുമ്പോള്‍ അത് വിട്ട് മറ്റൊന്നിലേക്ക് പോകണമെന്ന റിച്ചാര്‍ഡിന്റെ ചിന്താരീതി. 76 തവണ താന്‍ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. വേഗതയുടേയും സാഹസികതയുടേയും പിന്നാലെ പായുന്ന റിച്ചാര്‍ഡ് ബ്രാന്‍ഡ്‌സിന്റെ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഏറ്റവും പുതിയ ആശയമാണ് ഹൈപ്പര്‍ ലൂപ്. ഇന്ത്യയില്‍ വിര്‍ജിന്‍ ഹൈപ്പര്‍ ലൂപ് ബാംഗ്ലൂര്‍ മുംബൈ, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here