തിരുവനന്തപുരം: അനുപമ കേസിൽ കുഞ്ഞിൻറെ ഡിഎൻഎ പരിശോധന ഫലം വന്നു. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഡിഎൻഎ പരിശോധനയിൽ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഡിഎൻഎ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഈ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മൂന്ന് തവണ ഡിഎൻഎ സാമ്പിൾ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചെന്നാണ് റിപ്പോർട്ട്. പരിശോധനാഫലം ഇതുവരെയും ഔദ്യോഗികമായി അനുപമയെ അറിയിച്ചിട്ടില്ല. ഫലം പോസിറ്റീവാണെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സമരപന്തലിൽ നിന്ന് അനുപമ സന്തോഷം പങ്കുവെച്ചു.

അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. കുഞ്ഞിനെ ലഭിക്കുന്നത് വരെ നിലവിലെ സമരം തുടരുമെന്ന് അവർ വ്യക്തമാക്കി. ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞ് നിലവിൽ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് അനുവദിച്ചിട്ടില്ല.

ഫലം ഔദ്യോഗികമായി ലഭിക്കാൻ കാത്തിരിക്കുകയാണെന്നും പരിശോധന ഫലം പോസിറ്റീവായതിൽ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ കൈയ്യിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു.

ഇന്നലെയായിരുന്നു കുഞ്ഞിൻറെ ജനിതക സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിൽ നിന്നുള്ള സംഘമാണ് നിർമല ശിശുഭവനിലെത്തി സാംപിളെടുത്തത്. ഉച്ചയ്ക്കുശേഷം അനുപമയും അജിത്തും ഇൻസ്റ്റിറ്റ്യൂട്ടിലെത്തി സാംപിളുകൾ നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here