കൊച്ചി: ആലുവയിൽ നിയമവിദ്യാർത്ഥി മോഫിയ പർവീൺ   ആത്മഹത്യ ചെയ്ത സംഭവത്തിൽ രാത്രി വൈകിയും സ്റ്റേഷൻ ഉപരോധം തുടർന്ന് യു ഡി എഫ് . മോഫിയയുടെ അമ്മയും സമരസ്ഥലത്ത് എത്തിയിട്ടുണ്ട്.ആലുവ വെസ്റ്റ് മുൻ സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യുി ഡി എഫ്  സമരംആത്മഹത്യക്കേസിൽ ആരോപണ വിധേയനായ സിഐ സുധീർ കുമാറിനെ സസ്‌പെന്റ് ചെയ്യും വരെ  സമരം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.

മൊഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തിൽ സുധീർ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കുടുംബവും കോൺഗ്രസ് പാർട്ടിയും. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലേക്കാണ് സംഭവത്തിൽ കുറ്റാരോപിതനായ സി ഐയെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം ഡി ഐ ജി അന്വേഷണം നടത്തുകയാണെന്നും തുടർനടപടികൾ ഇത് പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടി സ്വീകരിക്കുമെന്നുമാണ് അറിയിപ്പ്.

എന്നാൽ കോൺഗ്രസ് ഈ വാഗ്ദാനത്തെ വിശ്വസിക്കുന്നില്ല. ബെന്നി ബഹന്നാൻ എം പിയും ആലുവ എം എൽ എ അൻവർ സാദത്തും അങ്കമാലി എം എൽ എ റോജി എം ജോണുമാണ് രാത്രിയിലടക്കം പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തുന്നത്. സ്ഥലം മാറ്റം അംഗീകരിക്കില്ലന്നാണ് യു ഡി എഫ് നിലപാട്. സ്റ്റേഷൻ ഉപരോധം തുടർന്നാൽ ബലം പ്രയോഗിച്ച് നീക്കുമെന്ന് ഡി വൈ എസ് പി സമരക്കാരെ അറിയിച്ചിരുന്നു. എന്നാൽ അതിനും വഴങ്ങാതെയാണ് എം പിയും എം എൽ എയും രംഗത്തിറങ്ങിയിരിക്കുന്നത്. സുധീർകുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അതുകൊണ്ടാണ് സ്ഥലംമാറ്റത്തിൽ മാത്രം നീക്കം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പ്രതികരിച്ചു. സ്ഥലം മാറ്റം മാത്രം അംഗീകരിക്കില്ലെന്നും സർവ്വീസിൽ നിന്ന് ഇയാളെ സസ്‌പെൻഡ് ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്.

നവംബർ 23 ന് ബുധനാഴ്ചയാണ് ഭർത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എൽ എൽ ബി വിദ്യാർത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ  മോഫിയ പരാതി നൽകിയിരുന്നു. എന്നാൽ ആലുവ സിഐ, സി എൽ സുധീർ ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേൽ ചർച്ചയ്ക്ക് വിളിച്ചപ്പോൾ സുധീർ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ചർച്ചക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയപ്പോൾ വഴക്കുപറയുകയായിരുന്നുവെന്നായിരുന്നായിരുന്നു ഇതിനോടുള്ള പൊലീസിന്റെ ആദ്യ പ്രതികരണം.

മോഫിയയുടെയും സുഹൈലിൻറെയും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭർതൃവീട്ടുകാർ ബുദ്ധിമുട്ടിച്ച് തുടങ്ങിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് മോഫിയ സ്വന്തം വീട്ടിലേക്ക് പോന്നു. പരാതി നൽകാനായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്.

നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീർ. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. കേരളത്തെ പിടിച്ചുലച്ച ഉത്ര വധക്കേസിലാണ് അന്നത്തെ അഞ്ചൽ എസ് എച്ച് ഒ ആയിരുന്ന സുധീറിനെതിരെ ആദ്യം പരാതി ഉയർന്നത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭർത്താവ് സൂരജിനെ രക്ഷിക്കാൻ സുധീർ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസിൻറെ പ്രാരംഭ അന്വേഷണത്തിൽ സുധീർ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറൽ എസ് പി ഹരിശങ്കർ കണ്ടെത്തി. പക്ഷേ വകുപ്പുതല നടപടി ഉണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here