കൊച്ചി: മോഫിയയുടെ മരണത്തിൽ  കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ    മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്നാണ് മോഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞത്. നോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സർക്കാർ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർനടപടി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് വിശദീകരണം.

ഇതിനിടെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവ്വീൺ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്

ആലുവ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുന്നു. ബെന്നി ബഹന്നാൻ എം പി, എം എൽ എമാരായ അൻവർ സാദത്ത്, റോജി എം ജോൺ എന്നിവരാണ് സമരം നടത്തുന്നത്. മൊഫിയ പർവീണിൻറെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സി എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here