കാഞ്ഞങ്ങാട് : ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമെന്ന നിലയിൽ വായിച്ച് അടച്ചു വെയ്യക്കേണ്ട ഒന്നല്ല ഗുരുവായൂർ സത്യാഗ്രം. ഇന്നും വഴികാട്ടിയായി മുന്നോട്ട് പോകാൻ നമ്മെ സഹായിക്കുന്ന വലിയൊരേടാണതെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ഗുരുവായൂർ സത്യാഗ്രഹ സമര നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ സത്യാഗ്രഹത്തിന് മാത്രമല്ല, ജാതി ജന്മി വ്യവസ്ഥകൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ മുന്നിൽ നിന്ന് പോരാടിയ വ്യക്തിത്വമാണ് കെ മാധവൻ. കർഷക പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് ചുക്കാൻപിടിച്ച മനുഷ്യനാണ് അദ്ദേഹം. ആ വലിയ മനുഷ്യന്റെ ഓർമ്മകൾ തുടിക്കുന്ന ഈ സ്മാരകം ആധുനിക കേരളത്തിന്റെ ഒരു ഉജ്ജ്വല പ്രതീകമാണെന്നും സ്പീക്കർ പറഞ്ഞു.

 കേരളത്തിലെ ജാതിവ്യവസ്ഥയെ തകർത്തെറിയുന്നതിൽ ഗുരുവായൂർ സത്യാഗ്രഹം ഉയർത്തിയ അലകൾ ഇന്നും അലയടിക്കുന്നുണ്ട്. ഇന്നും ദൈനംദിന ജീവിതത്തിൽ വലിയൊരു സ്വാധീനമായി ജാതിയുണ്ട്. എന്നാൽ ജാതി വ്യവസ്ഥയുടെ പേരിൽ അടിച്ചമർത്തലുകൾ കേരളത്തിലില്ല.  നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ ജാതി വ്യവസ്ഥ യുടെ പേരിൽ ഇന്നും അടിച്ചമർത്തലുകൾ നടക്കുന്നുണ്ടെന്നത് പച്ചയായ സത്യമാണ്. ജാതിയുടെ പേരിൽ വിവിധ ചേരികളിലായിരുന്ന ജനങ്ങളെ ഒന്നിപ്പിക്കാനായിരുന്നു ഗുരുവായൂർ സത്യാഗ്രഹം എന്നാൽ  ഇന്നും മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ രാജ്യത്തുണ്ടാകുന്നുവെന്നത് വേദനാജനകമായ സത്യമാണ്. എന്നാൽ എല്ലാ തരത്തിലുള്ള ഭിന്നിപ്പുകളെയും അതിജീവിച്ച് ഒരു വർഷം നീണ്ടു നിന്ന സമരത്തിനൊടുവിൽ കർഷകർ തങ്ങളുടെ സമരത്തിൽ വിജയിച്ചതും നമ്മൾ കണ്ടു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തകർത്ത് മനുഷ്യരെ ഒന്നിപ്പിക്കാൻ കഴിയുമെന്ന പാഠം നമുക്ക് നൽകാൻ കർഷക സമരത്തിനായിയെന്നത് ഏറെ അഭിമാനകരമായ വസ്തുതയാണെന്നും സ്പീക്കർ പറഞ്ഞു. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ  90ാം വാർഷികം, മുസ്ലീം ഐക്യ സംഘത്തിന്റെ 100ാം വാർഷികം, പുന്നപ്ര വയലാർ സമരത്തിന്റെ 75ാം വാർഷികം, മലബാർ കലാപത്തിന്റെ 100ാം വാർഷികം തുടങ്ങി  ആധുനിക കേരള ചരിത്രത്തിലെ ഒട്ടേറെ മഹാ സംഭവങ്ങളുടെ നാഴികക്കല്ലാണ് 2021 വർഷം. ഈഴവർ തൊട്ട് താഴേയ്ക്കുള്ളവരെയെല്ലാം അടിമകളെ പോലെ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു, മനുഷ്യരെ അടിമകളെ പോലെ വിറ്റിരുന്ന ഒരു കാലം. ജാതിയായിരുന്നു അന്നെല്ലാം സമൂഹത്തിലെ ദുരാചാരങ്ങളുടെ അടിസ്ഥാനമായി നിലനിന്നിരുന്നത്. എന്നാൽ എല്ലാ ഭിന്നിപ്പുകളെയും അതിജീവിച്ച് മനുഷ്യർ ഒന്നായി ഒറ്റക്കെട്ടായി നിൽക്കണമെന്നുള്ള പാഠമാണ് ഗുരുവായൂർ സത്യാഗ്രഹം നൽകുന്നത്. ആ പാഠം മറക്കാതിരിക്കാൻ നമുക്കാവണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

 ചെമ്മട്ടംവയലിലെ ഗുവായൂർ സത്യാഗ്രഹ സ്മാരക പരിസത്ത് നടന്ന ചടങ്ങിൽ ഫൗണ്ടേൻ ചെയർമാൻകൂടിയായ ഇ.ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷനായി.   എം.എൽ.എമാരായ സി.എച്ച് കുഞ്ഞമ്പു, എൻ.എ നെല്ലിക്കുന്ന്, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത, നഗരസഭാ വികസന സമിതി സ്ഥിരംസമിതി അധ്യക്ഷ സി.ജാനകിക്കുട്ടി,  നഗരസഭാ കൗൺസിലർ കെ.വി.സുശീല തുടങ്ങിയവർ സംസാരിച്ചു. സപ്ലിമെന്റ് പ്രകാശനം കെ.മാധവൻ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് നിർവ്വഹിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ സി.കെ ബാലൻ സ്വാഗതവും ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം ബി.സുകുമാരൻ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here