തിരുവനന്തപുരം: സമരം ചെയ്യുന്ന  പിജി ഡോക്ടർമാരുമായി  സർക്കാർ ഇന്ന് ചർച്ച നടത്തും. നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരുടെ നിയമനം, സ്‌റ്റൈപൻഡ് വർധന തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യവകുപ്പുമായുള്ള ചർച്ച. സമരം പതിനാലാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സർക്കാർ സമയവായ ശ്രമം നടത്തുന്നത്. നേരത്തെ ഇനി ചർച്ചയില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ പി ജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും പണിമുടക്കിയതോടെയാണ് ചർച്ചയില്ലെന്ന നിലപാടിൽ നിന്നും സർക്കാർ അയഞ്ഞത്.

ഹൗസ് സർജന്മാരുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടച്ചയായാണ് ഇന്നത്തെ ചർച്ച. പി ജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് പണിമുടക്കിയ ഹൗസ് സർജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ചർച്ച നടത്തിയത്. ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സർജന്മാർക്ക് സെക്രട്ടറി ഉറപ്പ് നൽകി. പിന്നാലെ പിജി ഡോക്ടർമാരെ ചർച്ചക്ക് വിളിക്കുകയായിരുന്നു.

എമർജൻസി ഡ്യൂട്ടി അടക്കം ബഹിഷ്‌ക്കരിച്ചുള്ള  പി ജി ഡോക്ടർമാരുടെ സമരം അഞ്ചാം ദിവസവും തുടരുകയാണ്. സമരം ശക്തമായതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രോഗികൾ ചികിത്സ കിട്ടാതെ ദുരിതത്തിലാണ്. പി ജി ഡോക്ടർമാർക്ക് പിന്തുണയുമായി ഹൗസ് സർജന്മാർ കൂടി പണിമുടക്കിയതോടെയാണ് മെഡിക്കൽ കോളേജാശുപത്രിയിൽ രോഗികളുടെ അവസ്ഥ കൂടുതൽ സങ്കീർണമായത്. അടിയന്തര ശസ്ത്രക്രിയകളും സ്‌കാനിംഗുകളുമടക്കം സമസ്ത മേഖലയേയും ഡോക്ടർമാരുടെ സമരം ബാധിച്ചു. ദൂരസ്ഥലങ്ങളിൽ നിന്ന് വന്നവരടക്കം ദുരിതത്തിലായി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കെ ജി എം സി ടി എ രണ്ട് മണിക്കൂർ നേരത്തേക്ക് ഒ പിയിൽ നിന്ന് വിട്ടുനിന്നു. ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സമയക്രമം പരമാവധി പുനക്രമീകരിച്ചിട്ടും കോഴിക്കോട്, തൃശ്ശൂർ, കോട്ടയം മെഡിക്കൽ കോളേജുകളെ സമരം കാര്യമായി ബാധിച്ചു. കിടത്തി ചികിത്സയും ചിലയിടങ്ങളിൽ തടസ്സപ്പട്ടു.  ആവശ്യത്തിന് നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരെ നിയമിക്കുക, സ്‌റ്റൈപൻഡ് വർധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.

അതിനിടെ പി ജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി ഐ എം എ രംഗത്തെത്തി. ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ ഐ എം എ നോക്കിയിരിക്കില്ലെന്ന് ദേശീയ പ്രസിഡൻറ് ഡോ. ജെ. എ. ജയലാൽ പറഞ്ഞു. ആവശ്യമെങ്കിൽ സമരത്തിനിറങ്ങാനും മടിക്കില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്നും ഐഎംഎ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here