തിരുവനന്തപുരം :  ക്രിസ്മസ്, പുതുവത്സര സമയത്ത് പച്ചക്കറികൾക്ക് ഉണ്ടായേക്കാവുന്ന വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാർ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ തക്കാളി വണ്ടി ജില്ലയിൽ പര്യടനം തുടങ്ങി. തക്കാളിക്കൊപ്പം മറ്റ് പച്ചക്കറികളും കുറഞ്ഞ വിലയിൽ നൽകി വിലക്കയറ്റം പിടിച്ചുനിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കാർഷിക വികസന – കർഷക ക്ഷേമ വകുപ്പും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളവും (വി.എഫ്.പി.സി.കെ) ചേർന്നാണ് തക്കാളി വണ്ടി എന്ന പേരിൽ സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാൾ രംഗത്തിറക്കിയത്. ഇതുവഴി 17 ഇനം പച്ചക്കറി ന്യായവിലയ്ക്ക് ലഭ്യമാക്കും. ഗ്രാമീണ കർഷകർ, ഇക്കോ ഷോപ്പ്, ആഴ്ചച്ചന്ത, വഴിയോര ചന്തകൾ എന്നിവ വഴി ജില്ലയിൽ നിന്നു ശേഖരിക്കുന്ന വിഷരഹിത നാടൻ ജൈവ പച്ചക്കറികളാണ് തക്കാളി വണ്ടിയിലൂടെ ലഭ്യമാക്കുക.

കേരളത്തിൽ ഉത്പാദിപ്പിക്കാത്ത ഇനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഹോർട്ടി കോർപ്പ് മുഖേന വാങ്ങിയും വിൽപ്പനക്കെത്തിക്കും.
ശീതകാല പച്ചക്കറികളായ ക്യാരറ്റ്, കാബേജ്, കിഴങ്ങ് എന്നിവ വട്ടവടയിലെ വിപണിയിൽ നിന്നും കർഷകരിൽ നിന്ന് നേരിട്ടുമാണ് ശേഖരിക്കുന്നത്. ഒരു കിലോ തക്കാളിക്ക് 50 രൂപ വരെയാണ് തക്കാളി വണ്ടിയിലുള്ളത്. അതോടൊപ്പം പൊതു വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വെണ്ട, പയർ, ചേന, വെള്ളരി, മത്തൻ, പച്ചക്കായ തുടങ്ങിയ വിവിധ പച്ചക്കറികളും  ലഭിക്കും.

രണ്ടു വണ്ടികളാണ് ഇതിനായി സജ്ജമാക്കിയത്. ലോറേഞ്ചിലും ഹൈറേഞ്ചിലും ഓരോ വണ്ടികൾ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന ടൗണുകളിലൂടെ തക്കാളി വണ്ടി സഞ്ചരിക്കും. ജനുവരി ഒന്നുവരെ ഈ സേവനമുണ്ടാകും. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് വിപണി പ്രവർത്തിക്കുക. കൃഷി വകുപ്പിന്റെ വാഹനമാണ് ഇതിനായി ഉപയോഗിക്കുന്നത്. വി.എഫ്.പി.സി.കെ യുടെ ജീവനക്കാർ മുഴുവൻ സമയവും വാഹനത്തോടൊപ്പമുണ്ടാകും. വിൽപ്പനക്കും മറ്റ് ജോലിക്കുമായി ദിവസ വേതനാടിസ്ഥാനത്തിൽ കർഷകരെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. വാങ്ങുന്ന സാധനങ്ങൾക്ക് തക്കാളി വണ്ടിയിൽ നിന്നുള്ള പ്രത്യേക ബില്ലും ഉപഭോക്താക്കൾക്ക് നൽകും.

ലോ റേഞ്ചിലെ തക്കാളി വണ്ടി തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഫ്‌ളാഗ് ഓഫ്  ചെയ്തു. മുനിസിപ്പൽ കൗൺസിലർ അഡ്വ. ജോസഫ് ജോൺ ആദ്യ വിൽപ്പന നടത്തി. ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ എലിസബത്ത് പുന്നൂസ്, വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ ബിന്ദു, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിജി ആന്റണി, ബിജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

തക്കാളി വണ്ടിയിലെ ശനിയാഴ്ച്ചത്തെ വില നിലവാരം:  തക്കാളി 50, പാവക്ക -60, പടവലം -40, പച്ചമുളക് -55, നാടൻ പയർ -70, വഴുതന -65, സവാള -40, ഉള്ളി -60, കാബേജ് -40, ക്യാരറ്റ് -45, കിഴങ്ങ് -40.

 

LEAVE A REPLY

Please enter your comment!
Please enter your name here