കാസർകോട്: പെരിയ കേരള കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനം കാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രൗഡോജ്ജ്വലമായി നടന്നു. മുഖ്യാതിഥിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിരുദദാനം നിർവഹിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ ഹെലിപാഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം വി ഗോവിന്ദൻ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ജില്ലാ പോലീസ് മേധാവി പി ബി രാജീവ് തുടങ്ങിയവർ രാഷ്ട്രപതിയെ വരവേറ്റു. ബാന്റ് വാദ്യഅകമ്പടിയോടെയുള്ള അക്കാദമിക് ഘോഷയാത്രയോടെയായിരുന്നു ബിരുദദാന സമ്മേളന ചടങ്ങുകൾ ആരംഭിച്ചത്.

കേരളം മറ്റ് സംസ്ഥാനങ്ങള അപേക്ഷിച്ച് സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ ശാക്തീകരണത്തിലും ഇന്ത്യയിൽ ഏറെ മുന്നിലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. സമ്മേളനത്തിൽ ബിരുദദാനം നടത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് കേരളത്തെ പുകഴ്ത്തി സംസാരിച്ചത്. പഠനമേഖലയിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ്. യുനെസ്‌കോയുടെ ഗ്ലോബൽ നെറ്റ് വർക്കിൽ കേരളത്തിൽ നിന്ന് തൃശൂരും നിലമ്പൂരും ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേരളത്തിൽ പി എൻ പണിക്കറുടെ പ്രതിമ തലസ്ഥാനത്ത് അടുത്ത ദിവസം അനാച്ഛാദനം ചെയ്യാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യം കേരളം സന്ദർശിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നുവെന്നും ഇവിടുത്തെ ആളുകളുടെ ഊഷ്മളതയും. പച്ചപ്പ് നിറഞ്ഞ വയലുകളും ബീച്ചുകളും കായലുകളും, കുന്നുകളും കാടുകളും, സമുദ്രവും മറ്റും ഏറെ ആകർഷണീയമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, ഒഫീഷിയേറ്റിങ് വൈസ് ചാൻസലർ പ്രൊഫ. കെ സി ബൈജു, പരീക്ഷാ കൺട്രോളർ ഡോ. എം മുരളീധരൻ നമ്പ്യാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2018-2020 ബാച്ചിന്റെ ബിരുദദാന സമ്മേളനമാണ് നടന്നത്. 742 വിദ്യാർഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്. 29 പേർക്ക് ബിരുദവും 652 പേർക്ക് ബിരുദാനന്തരബിരുദവും 52 പേർക്ക് പിഎച്ച്ഡിയും ഒൻപത് പേർക്ക് പിജി ഡിപ്ലോമയും നൽകി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here