തിരുവനന്തപുരം: കോവളത്ത്  മദ്യവുമായി പോകുമ്പോൾ പൊലീസ് തടഞ്ഞ സംഭവത്തിൽ വിമർശനവുമായി സ്വീഡിഷ് പൗരൻ   സ്റ്റീവ് ആസ് ബർഗ്. കേരള പൊലീസിൽ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് സ്റ്റീവ് പറഞ്ഞു. മൂന്ന് കുപ്പി മദ്യം തൻറെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാൽ പൊലീസ് മദ്യം കൊണ്ടുപോകാൻ അനുവദിച്ചില്ല. മദ്യം എടുത്തെറിയാൻ ആവശ്യപ്പെട്ടു. എന്നാൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തൻറെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനിൽ കൊണ്ടുകൊടുത്തതെന്നും സ്റ്റീവ് ആസ് ബർഗ് പറഞ്ഞു. നാലുവർഷമായി കേരളത്തിൽ ടൂറിസം രംഗത്ത് താൻ പ്രവർത്തിക്കുകയാണ്. എന്നാൽ നാട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും നിരന്തരം പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും സ്റ്റീവ് വിശദീകരിച്ചു.

ന്യൂഇയറിന് മിന്നിക്കാൻ മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുന്നതിനിടെയാണ് സ്റ്റീവിനെ പൊലീസ് തടഞ്ഞത്. സ്റ്റീവിന്റെ സ്‌കൂട്ടറിൽനിന്ന് മൂന്ന് ഫുൾ ബോട്ടിൽ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ബിവറേജിൽ നിന്ന് ബില്ല് വാങ്ങാൻ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. കുപ്പിയടക്കം വലിച്ചെറിയാൻ പൊലീസ് സ്റ്റീവിനോട് പറഞ്ഞു. ഇതോടെ സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു. ആരോ സംഭവം മൊബൈലിൽ പകർത്തുന്നെന്ന് കണ്ടപ്പോൾ ബിൽ വാങ്ങിവന്നാൽ മതി മദ്യം കളയണ്ടെന്നായി പൊലീസ്. പിന്നാലെ നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാൻ ബിവറേജിൽ പോയി ബില്ലും വാങ്ങി സ്റ്റേഷനിൽ ഹാജരാക്കി. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here