ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത്ത് വധക്കേസിൽ  രണ്ട് മുഖ്യപ്രതികൾ കൂടി കസ്റ്റഡിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഡിസംബർ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാൽ പ്രതികൾ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാൻ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. പ്രതികൾക്കായി തെരച്ചിൽ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ പ്രതികൾക്കായി കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.

ഡിസംബർ 19 ന് 12 മണിക്കൂറിൻറെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐ  സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഡിസംബർ 19 ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം നടന്നത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ പ്രഭാതസവാരിക്കായി വീട്ടിൽ നിന്നും ഇറങ്ങാനിരിക്കെയാണ് അക്രമിസംഘമെത്തി രൺജീത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലായിരുന്നു  ആക്രമണം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here