ഇടുക്കി ;  സിപിഎം  ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ കുമളിയിൽ തുടക്കമാകും. തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയ എസ്.രാജേന്ദ്രന്റെ (S Rajendran) ഭാവി തന്നെയാണ് സമ്മേളനത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയം. ഭൂപ്രശ്‌നങ്ങളിലും മുല്ലപ്പെരിയാർ  വിഷയത്തിലും ചൂടേറിയ ചർച്ചയുണ്ടാകും.

സംഘടനാപരമായും പാർലമെന്ററിരംഗത്തും ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ നിലയിലാണ് ഇടുക്കി സിപിഎം. ഒരിക്കലും ഇളകാത്ത യുഡിഎഫ് കോട്ടകൾ പോലും തകർത്തുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ജയം. ജില്ലയിലെ അഞ്ചിൽ നാല് സീറ്റും നേടിയ നിയസഭാതെരഞ്ഞെടുപ്പ്. ഇതിലെല്ലാം മുന്നിൽ നിന്ന് നയിച്ച കെ.കെ.ജയചന്ദ്രൻ ഒരിക്കൽ കൂടി അമരത്തേക്ക് വരുമെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറിയാൽ മാത്രമേ മറ്റ് പേരുകളിലേ പോകൂ. മൂന്നാറിൽ നിന്നുള്ള കെ.വി.ശശി, സി.വി.വർഗീസ്,ജില്ലാ പഞ്ചായത്തംഗം കൂടിയായ വി.എൻ മോഹനൻ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന പ്രതിനിധി സമ്മേളനത്തിലെ ഏറ്റവും വലിയ ചർച്ച വിഷയം ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരായ നടപടി തന്നെ. തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാരനെ തോൽപ്പിക്കാൻ ശ്രമിച്ച രാജേന്ദ്രനെ പുറത്തോക്കുമോ, അതോ നടപടി സസ്‌പെൻഷനിൽ ഒതുങ്ങുമോ എന്ന് കണ്ടറിയണം. ബ്രാഞ്ച്, ഏരിയാ സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിന്ന് രാജേന്ദ്രൻ ജില്ലാ സമ്മേളനത്തിന് എത്തുമോ എന്നതിലും കൗതുകം

തുടർഭരണം കിട്ടിയിട്ടും ഭൂപതിവ് ചട്ടഭേഗതിയില്ലാത്തതിന് കാരണം റവന്യുവകുപ്പും സിപിഐയുമെന്ന വിമർശനം ഏരിയാ സമ്മേളനങ്ങളിൽ ഉയർന്നിരുന്നു. അതിവിടെയും തുടരാതെ തരമില്ല. ജനങ്ങളെ ആശങ്കയിലാക്കിയ മുല്ലപ്പെരിയാർ തുറക്കലും മരംമുറി ഉത്തരവും സർക്കാരിനെതിരെ വിമർശനമായി ഉയരും. അഞ്ചിന് വൈകീട്ട് കുമളി ടൗണിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെയാണ് ജില്ലാ സമ്മേളനത്തിന് സമാപനമാവുക.

LEAVE A REPLY

Please enter your comment!
Please enter your name here