തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ‘ഒരാൾക്ക് ഒരു പദവി’ എന്ന രീതിയിലാകും കോൺഗ്രസ് പുനഃസംഘടനയുണ്ടാകുകയെന്ന് കെപിസിസി. മുഴുവൻ സമയവും പ്രവർത്തിക്കാൻ കഴിയുന്നവർക്കായിരിക്കും മുൻഗണന നൽകുക. പുതുമുഖങ്ങളെ ഉൾപ്പെടുത്തി പദവികളിലേക്ക് ആരൊയൊക്കെ പരിഗണിക്കണം ഒഴിവാക്കണം എന്നീ കാര്യങ്ങളിലും മാനദണ്ഡമുണ്ടാക്കിയതായാണ് ലഭ്യമാവുന്ന വിവരം.

നിലവിലെ ഭാരവാഹികളിൽ കഴിവും പ്രവർത്തനമികവുമുള്ളവരെ ഡിസിസി ഭാരവാഹികളാക്കാം എന്നാണ് കെപിസിസി തീരുമാനമെന്നാണ് റിപ്പോർട്ട്. അമ്പത് ശതമാനം പുതുമുഖങ്ങളെയും യുവജനങ്ങളെയും ഉൾപ്പെടുത്തിയാകണം ഡിസിസി ഭാരവാഹികൾ, എക്‌സിക്യുട്ടീവ് അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരെ തെരഞ്ഞെടുക്കേണ്ടത്.

അർധസർക്കാർ സ്ഥാപനങ്ങൾ, ബാങ്കിങ് മേഖല, ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നീ പദവികളിലേക്ക് പരിഗണിക്കില്ല. ഇക്കാര്യത്തിൽ കെപിസിസി വ്യക്തമായ മാർഗനിർദേശം നൽകി.

പതിനഞ്ചാം തീയതിക്കകം പുനഃസംഘടന പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ വ്യക്തമാക്കി. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം തേടിയ കെപിസിസി അവർകൂടി അംഗീകരിച്ച മാനദണ്ഡങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ജില്ലയിൽ ഒരു ബ്ലോക്കിലും നിയോജകമണ്ഡലത്തിലും സ്ത്രീയെ പ്രസിഡന്റാക്കണം. രാഷ്ട്രീയേതര സംഭങ്ങളിൽ ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ ഭാരവാഹികളാക്കരുത്. വനിതകൾക്കും പട്ടികജാതി, പിന്നാക്ക വിഭാഗക്കാർക്കും ഡിസിസി ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രാതിനിധ്യം നൽകണമെന്നാണ് നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here