തിരുവനന്തപുരം : കുട്ടികളുടെ വിദ്യാഭ്യാസത്തിനും  ആരോഗ്യത്തിനുമാണ് പ്രഥമപരിഗണനയെന്നും വിദ്യാർത്ഥികളെ എല്ലാതരത്തിലും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കൃത്യസമയത്ത് പരീക്ഷകൾ നടത്തി കുട്ടികൾക്ക് മത്സര പരീക്ഷകൾക്ക് വേണ്ട യോഗ്യത ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമവും അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വർഷം സ്തംഭിക്കുകയെന്നാൽ കുട്ടികളുടെ വിദ്യാഭ്യാസ കാലയളവിൽ ഒരു വർഷം ഇല്ലാതാവുകയാണ്  എന്നാണർത്ഥം. ഒട്ടേറെ എതിർശബ്ദങ്ങൾ ഉണ്ടായിരുന്നിട്ടും സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയും വിദ്യാഭ്യാസ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലും അദ്ധ്യാപക-രക്ഷകർത്തൃ സമൂഹത്തിന്റെ കൂട്ടായ പരിശ്രമവും ഉണ്ടായതുകൊണ്ടാണ് പരാതി രഹിതമായി പരീക്ഷ നടത്താനും തിളക്കമാർന്ന വിജയം നേടാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കേരളത്തിനു തന്നെ മാതൃകയാക്കാവുന്ന നിരവധി നൂതന പദ്ധതികളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്നത്.  മത്സരാധിഷ്ഠിത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പൂർണമായി ചേർത്ത് പിടിച്ച് വിദ്യാർത്ഥി സമൂഹത്തെ മുന്നോട്ട് നയിക്കാൻ ഊർജസ്വലമായ പിന്തുണയാണ് ജില്ലാ പഞ്ചായത്ത് നൽകി വരുന്നതെന്നും മന്ത്രി പറഞ്ഞു.

പ്ലസ്ടുവിന് മുഴുവൻ മാർക്കും വാങ്ങിയ വിദ്യാർത്ഥികളെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ കുട്ടികളെയും പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ കുട്ടികളെയും ജി.സ്റ്റീഫൻ എം.എൽ.എ, ഐ.ബി സതീഷ് എം.എൽ.എ എന്നിവർ ഉപഹാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സിക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളെയും ചടങ്ങിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ ഉപഡയറക്ടർ സന്തോഷ് കുമാർ.എസ്, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നാരയണി ഇ.എസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയി മാത്യു തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here