കൊച്ചി : നടൻ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. ആലുവ സ്വദേശിയും സൂര്യ ഹോട്ടൽസ് ഉടമയുമായ ശരത് ജി നായരുടെ വീട്ടിലാണ് പരിശോധന നടത്തുന്നത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ വിഐപിയെ തിരിച്ചറിഞ്ഞുവെന്ന് സൂചന. ക്രൈം ബ്രാഞ്ച് ആണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. വിഐപിയുടെ ശബ്ദം സംവിധായകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞുവെന്നാണ് വിവരം. പിന്നാലെയാണ് ശരത്തിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയത്.

ആലുവ തോട്ടുമുഖത്തെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് മിന്നൽ പരിശോധന നടത്തിയത്. ശരത്തിനെ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരുന്നു. എന്നാൽ ശരത് ഹാജരായില്ല. ഒളിവിൽ പോയ ശരത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. വൈകിട്ട് 3.30 നാണ് പരിശോധന ആരംഭിച്ചത്.

ദിലീപിന്റെ ഏറ്റവും അടുത്ത സുഹ്യത്തുക്കളിൽ ഒരാളാണ് ശരത്. മുമ്പ് ദിലീപ് അറസ്റ്റിലായപ്പോൾ ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ദിലീപും ശരത്തും തൃശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങും വഴിയായിരുന്നു അറസ്റ്റ്. അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ശരത് മൊബൈൽ ഓഫാക്കിയിരുന്നു. ഇയാളെ ഓഫീസിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എത്തിച്ചത് ശരത് ആണെന്നും സംശയമുണ്ട്. ദിലീപ് ഉപയാഗിച്ച തോക്കും കണ്ടെത്താനാണ് പരിശോധന.

അതേസമയം കേസിലെ മൂന്നാം പ്രതിയായ ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കടവന്ത്ര കത്രിക്കടവിലെ ഫ്‌ലാറ്റിലാണ് പരിശോധന. സൂരജിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here