ഇടുക്കി :  തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി പ്രവർത്തനരൂപരേഖ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ്  മന്ത്രി  പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി  ടൂറിസം വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തേക്കടി ടൂറിസം കേന്ദ്രം പ്രവർത്തനം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ തേക്കടിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് യോഗം വിലയിരുത്തി.

നവീനമായ വിനോദസഞ്ചാര പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. പാർക്ക് വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കും. ഡെസ്റ്റിനേഷൻ പരിചയപ്പെടുത്തുന്ന  സൗഹൃദ യാത്ര നടത്തുന്നതിന് വകുപ്പ് മുൻകൈ എടുക്കും. മാലിന്യ നിർമ്മാർജനം, പാർക്കിംഗ് എന്നീ വിഷയങ്ങളിൽ പ്രായോഗികമായ നടപടികൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ടാക്സി ഡ്രൈവർമാർക്കും ഗൈഡുമാർക്കും  ട്രെയിനിംഗ് നൽകാനും പദ്ധതി നടപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. വനംവകുപ്പുമായി സഹകരിച്ച് പ്രവർത്തനം വിപുലീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ടൂറിസം ഡയറക്ടർ വി.ആർ കൃഷ്ണ തേജ, ടൂറിസം മേഖലയിലെ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here