കോഴിക്കോട്: മന്ത്രി ആർ ബിന്ദുവിന് മുൻകാല പ്രാബല്യത്തിൽ പ്രൊഫസ്സർ പദവി നൽകാനായി, സർവീസിൽ നിന്ന് വിരമിച്ച കോളേജ് അധ്യാപകർക്കുകൂടി പ്രൊഫസ്സർ പദവി അനുവദിക്കാൻ  കാലിക്കറ്റ് സർവകലാശാലയുടെ നീക്കത്തിനെതിരായ പരാതിയിൽ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ഗവർണർ, കാലിക്കറ്റ് വിസിയോട് ആവശ്യപ്പെട്ടു. സർവീസിൽ തുടരുന്നവരെ  മാത്രമേ പ്രൊഫസ്സർ  പദവിക്ക് പരിഗണിക്കാൻ പാടുള്ളുവെന്ന് യു ജി സി വ്യവസ്ഥയുണ്ട്.

മന്ത്രിക്ക് പ്രൊഫസർ പദവി മുൻകാല പ്രാബല്യത്തിൽ ലഭിക്കാനാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു ജി സി ചട്ടങ്ങൾ ലംഘിച്ചതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ  ആരോപണം.

2018 ലെ യുജിസി റെഗുലേഷൻ വകുപ്പ് 6.3 പ്രകാരം സർവ്വീസിൽ തുടരുന്നവരെ മാത്രമേ പ്രഫസർ പദവിക്ക് പരിഗണിക്കാൻ പാടുള്ളൂ. എന്നാൽ വിരമിച്ച കോളേജ് അധ്യാപകർക്കും പ്രഫസർ പദവി അനുവദിക്കാൻ യു ജി സി ചട്ടങ്ങൾ ലംഘിച്ച് കാലിക്കറ്റ് സർവ്വകലാശാല തീരുമാനം എടുത്തു. ഇതിനായി യു ജി സി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വൈസ്ചാൻസിലർ ഉത്തരവിറക്കിയിരുന്നു.

മന്ത്രി ബിന്ദു കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ തൃശൂർ കേരള വർമ്മ കോളേജിലെ അധ്യാപികയായിരുന്നു. തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിച്ചു. മന്ത്രി ബിന്ദുവിന് മുൻകാല പ്രാബല്യത്തിൽ പ്രൊഫസർ പദവി അനുവദിക്കാനാണ് സർവ്വകലാശാലയുടെ ഈ തീരുമാനം എന്നാണ് ആരോപണം.

പ്രൊഫസർ പദവി വെച്ച് ബിന്ദു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും ബാലറ്റ് പേപ്പറിൽ പ്രൊഫസർ എന്ന് രേഖപ്പെടുത്തിയതും വിവാദമായിരുന്നു. ഇത് ചോദ്യം ചെയ്ത് എതിർസ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ കേസും നൽകിയിട്ടുണ്ട്. അത് ദുർബലപ്പെടുത്താൻ കൂടിയാണ് സർവ്വകലാശാലയുടെ ഇപ്പോഴത്തെ നീക്കമെന്നും ആക്ഷേപമുണ്ട്. പ്രഫസർ ബിന്ദു എന്ന പേരിൽ മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായതോടെ പ്രഫസർ പദവി പിൻവലിച്ച് കഴിഞ്ഞ ജൂൺ 8 ന് അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here